കൊവിഡ്: സ്വയംപര്യാപ്തതയിലേക്കുള്ള വഴികാട്ടി
മാനവരാശി നേരിടാന്‍ സാധ്യതയുള്ള സംഭവവികാസങ്ങളില്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ പദ്ധതികളില്ല എന്നത് പരാജയത്തിന് ആക്കം കൂട്ടും. മറ്റു സംസ്ഥാനങ്ങളേക്കാള്‍ പൊതുജനാരോഗ്യ സംവിധാനം ശക്തമായ കേരളത്തിന് പോലും കൊവിഡിനെ വേണ്ടവിധം പിടിച്ചുകെട്ടാന്‍ കഴിഞ്ഞില്ല. സാമൂഹിക അകലം പാലിക്കലിലൂടെ രോഗവ്യാപന സാധ്യത തടയാന്‍ ഒരു പരിധിവരെ നമുക്ക് സാധിച്ചിട്ടുണ്ട്. മികച്ച പൗരബോധവും വിദ്യാഭ്യാസ നിലവാരവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. ഈ ആനുകൂല്യം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ സാങ്കേതിക മികവ് പകച്ചു നില്‍ക്കുമായിരുന്നു എന്ന് ഉറപ്പ്.
ദുരന്ത നിവാരണ അതോറിറ്റി എത്രമാത്രം ഗവേഷണാത്മകമായി ഇടപെടുന്നുണ്ട് എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ദുരന്തമുണ്ടായതിന് ശേഷം മാത്രമേ ഇടപെടുകയുള്ളൂ എന്ന് വാശിപിടിക്കുന്ന അവസ്ഥയാണ് സാധാരണ സംഭവിക്കുന്നത്. മഹാമാരികള്‍ വന്നുപെട്ടതിന് ശേഷം വൈറസിന്റെ ഘടനയും നശീകരണ വ്യാപ്തിയും ഗവേഷണം ചെയ്യുന്നതിനുമുമ്പ് ലോകാരോഗ്യസംഘടനക്കും ശാസ്ത്രീയമായി സമഗ്ര വളര്‍ച്ച പ്രാപിച്ചു എന്ന് അടിക്കടി അവകാശപ്പെടുന്ന രാഷ്ട്രങ്ങള്‍ക്കും കൊവിഡിന് മുന്‍പ് ഒരു മുന്നറിയിപ്പ് പോലും നല്‍കാന്‍ കഴിഞ്ഞില്ല. നിലനില്‍പ്പിനു വേണ്ടിയുള്ള പാഠങ്ങളാണ് നാം പഠിച്ചു തുടങ്ങേണ്ടത്. നാലുവര്‍ഷം ഒരു കസേരയില്‍ ഇരുന്നിട്ടും രണ്ടു ലക്ഷം രോഗികളുടെ ഡാറ്റ ശേഖരിച്ച് അനലൈസ് ചെയ്യാന്‍ സാങ്കേതിക മികവില്ലെന്ന് പറയുന്ന ഐ.ടി സെക്രട്ടറിയുള്ള സംസ്ഥാനമാണ് കേരളം.
ഹ്രസ്വകാല പദ്ധതികളില്‍ വന്‍ നിക്ഷേപം നടത്തി ഊര്‍ജവും സമ്പത്തും പാഴാക്കുന്ന രാഷ്ട്രീയബോധം മാറുകയും പ്രായോഗികമായ ദീര്‍ഘകാല പദ്ധതികള്‍ രൂപപ്പെടുത്തുകയും വേണം. സമീപനങ്ങളില്‍ സമൂല അഴിച്ചുപണി അനിവാര്യമാണ്. സാമ്പത്തിക മാന്ദ്യം ഒരു ആഗോള പ്രതിഭാസമാണെന്ന് പറഞ്ഞു സമാധാനിച്ചു മാറിനില്‍ക്കാന്‍ എളുപ്പമാണ്. ഒഴുക്കിന് അനുകൂലമായി ശവത്തിനും നീന്താന്‍ കഴിയും. നമ്മുടെ നിയമനിര്‍മാണ സഭകള്‍ എന്തുകൊണ്ടാവും നിശ്ശബ്ദരാവുന്നത്? ഇവിടെയാണ് ഉപരിതല സ്പര്‍ശിയായ വികസന കാഴ്ചപ്പാടാണ് നമുക്കുള്ളതെന്ന വീക്ഷണ ദാരിദ്ര്യത്തിന്റെ പ്രഥമ പിഴവ് വ്യക്തമാവുന്നത്.
നമ്മുടെ സാമ്പത്തിക വിനിയോഗ നിയമങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് രൂപപ്പെട്ടത്? ഹൈ ക്ലാസ്, ലോ ക്ലാസ് വര്‍ഗീകരണം അതിവേഗം നടക്കുന്നു. മിഡില്‍ ക്ലാസ് വംശനാശഭീഷണിയില്‍ തന്നെയാണുള്ളത്. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നത് മിഡില്‍ ക്ലാസുകാര്‍ ആഹാരം കഴിച്ചു തുടങ്ങിയത് കൊണ്ടാണെന്ന് അമേരിക്കയുടെ പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്ത്യയില്‍ വന്നാണ് പ്രസ്താവന നടത്തിയത്. അടിമകളെയും ഉടമകളെയും നിര്‍മ്മിക്കുന്ന സാമ്പത്തിക സമീപനരേഖ മാറിയാല്‍ സമഗ്രമായ ഒരു ലോകവീക്ഷണം രൂപപ്പെടും. വിദ്യാഭ്യാസം കരഗതമാക്കുന്നതിന് ദാരിദ്ര്യം പ്രതിസന്ധിയുണ്ടാക്കും. വിദ്യാഭ്യാസ ഗ്രാഫ് ഉയരാത്ത കാലത്തോളം രാജ്യത്തിന്റെ അടിസ്ഥാന വിഷയങ്ങളെ നേരിടാനുള്ള കരുത്ത് നേടാനും കഴിയില്ല.
കൊവിഡ് - 19ന് ശേഷം വലിയ ദുരിതം അനുഭവിക്കേണ്ടി വരിക സാധാരണക്കാരും പട്ടിണി പാവങ്ങളും തന്നെയായിരിക്കും. നിയമനിര്‍മ്മാണങ്ങളുടെ മറവില്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കും ദല്ലാളന്മാര്‍ക്കും ഒട്ടും വിയര്‍ക്കേണ്ടി വരില്ല എന്ന് മാത്രമല്ല, അവരുടെ ആസ്തിയും ബാങ്ക് ബാലന്‍സും ക്രമാതീതമായി ഉയരുകയും ചെയ്യും. ഒട്ടും ഗുണനിലവാരമില്ലാത്ത റാപിഡ് കിറ്റുകള്‍ എത്ര ലക്ഷമാണ് ചൈന ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. ഗുണനിലവാരമില്ലാത്ത ഭക്ഷ്യധാന്യങ്ങളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഇപ്പോള്‍ തന്നെ ലോകവിപണിയില്‍ സജീവമായി. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ആദായ നികുതി ഇനത്തിലും ബാങ്ക് ലോണ്‍ ഇനത്തിലും വന്‍കിടക്കാരുടെ കോടികള്‍ എഴുതിത്തള്ളി. വിദേശബാങ്കുകളില്‍ നിക്ഷേപിച്ച, ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയ ദശലക്ഷക്കണക്കായ രൂപ അവിടെ വിശ്രമിക്കുക മാത്രമല്ല, ഇരട്ടിക്കുകയുമാണ്. ചെറുവിരലനക്കാന്‍ ഭരണകൂടങ്ങള്‍ക്കു കഴിഞ്ഞില്ല. 2014 നരേന്ദ്ര മോദി വിജയിച്ചു കയറാന്‍ പ്രധാനകാരണങ്ങളിലൊന്ന് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന കള്ള വാഗ്ധാനമായിരുന്നു. ടുജി സ്‌പെക്ട്രം അഴിമതി പറഞ്ഞവര്‍ റഫേല്‍ യുദ്ധവിമാനത്തില്‍ ചെന്നുപെട്ടു. രണ്ടും ഒരു നാണയത്തിന്റെ ഇരുവശം. നമ്മുടെ സമ്പന്നമായ വിഭവശേഷി ഏതാനും ചിലര്‍ കൊള്ളയടിക്കുന്നതിനാല്‍ വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖലകള്‍ ഇഴഞ്ഞു തന്നെയാണ് ഇപ്പോഴും നീങ്ങുന്നത്.
ലോക തൊഴില്‍ വിപണി ക്ഷയിച്ചു തുടങ്ങുകയാണ്. പ്രവാസികള്‍ കൂട്ടത്തോടെ കുടുംബവുമായി ചേരാന്‍ വെമ്പല്‍കൊള്ളുന്നു. നമ്മുടെ സമ്പദ്ഘടനയുടെ ചാലക ശക്തികളായ പ്രവാസികള്‍ പ്രയാസം നേരിട്ടപ്പോള്‍ ഫലപ്രദമായ നടപടികളുണ്ടായില്ല. കത്തയച്ചു, ശ്രദ്ധയില്‍പ്പെടുത്തി, ടെലിഫോണ്‍ ചെയ്തു, കണ്ടിട്ടുണ്ട് എന്നെങ്കിലും സംസ്ഥാന മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഡല്‍ഹി മൗനംപാലിച്ചു. അതാതു രാഷ്ട്രങ്ങളിലെ പൗരന്മാരെ തിരിച്ചുകൊണ്ടു പോയില്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഒപ്പിടുന്ന തൊഴില്‍ കരാറുകളില്‍ പുനരാലോചന വേണ്ടിവരുമെന്ന് യു.എ.ഇ ഔദ്യോഗികമായി പറഞ്ഞതില്‍ പിന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ണു തുറന്നത്. ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് തുടങ്ങിയ ഇന്ത്യയെക്കാള്‍ സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ അവരവരുടെ പൗരന്മാരെ വിമാനം അയച്ച മാന്യമായി നാട്ടിലെത്തിച്ചു. 5-10 ലക്ഷം പ്രവാസികള്‍ എങ്കിലും കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് ഏകദേശ ധാരണ. രണ്ടു ലക്ഷം പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സ്‌കൂളുകളും മറ്റു കെട്ടിടങ്ങളുമുണ്ടെന്ന് പറയുന്നത് താല്‍ക്കാലിക ആശ്വാസം മാത്രം. നമ്മുടെ തൊഴില്‍ വിപണി എത്ര ശൂന്യമാണ്. 45 ലക്ഷം വിദ്യാസമ്പന്നര്‍ തൊഴിലന്വേഷിച്ച് കാത്തുനില്‍ക്കുന്ന നാടാണ് കേരളം. തൊഴിലുകള്‍ക്കും അവര്‍ണ, സവര്‍ണ മതിലുകള്‍ നിര്‍മ്മിച്ചു മൂല്യശോഷണം വരുത്തിവെച്ചവരാണ് നാം.
ഇപ്പോള്‍ വന്ന മഹാമാരിയെക്കാള്‍ വലിയ പ്രതിസന്ധികള്‍ ആരോഗ്യരംഗത്ത് ഭാവിയിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പൊതുജനാരോഗ്യ രംഗം ശക്തിപ്പെടുത്താന്‍ ആവശ്യമായ ഗവേഷണങ്ങള്‍ക്ക് കാലം കാതോര്‍ക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉപരോധം വഴി ക്യൂബയെ കാലങ്ങളായി വരിഞ്ഞുമുറുക്കിയപ്പോള്‍ സ്വയം നിലനില്‍പ്പിനുവേണ്ടി ശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. സ്വയംപര്യാപ്തതയ്ക്കായി ക്യൂബ പോരാടിയതു പോലെ നമ്മുടെ രാജ്യവും നീങ്ങിയാല്‍ പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."