ജപ്പാന്‍ജ്വരം: പ്രതിരോധ മാര്‍ഗങ്ങള്‍ ഉറപ്പാക്കണം
കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജപ്പാന്‍ജ്വരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രി അറിയിച്ചു. തലച്ചോറിനെ ബാധിക്കുന്ന ഇത്തരം പനി കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. മസ്തിഷ്‌കം, കേന്ദ്ര നാഡീവ്യൂഹം എന്നീ അവയവങ്ങളെ ബാധിക്കുന്ന രോഗം മൂലം മരണവും സംഭവിക്കാം.
കൃത്യമായ ചികിത്സ ലഭിച്ചിട്ടില്ലെങ്കില്‍ രോഗം ഗുരുതരമായി മറ്റ് അവയവങ്ങളെ ബാധിച്ച് മരണത്തിന് കാരണമാകും. ആര്‍ബോവൈറസ് വിഭാഗത്തില്‍പ്പെട്ട ജപ്പാന്‍ജ്വര രോഗാണു പന്നി, കൊക്ക്, മറ്റ് പക്ഷികള്‍ എന്നിവയില്‍ കാണപ്പെടുന്നു. ഈ ജീവികളെ കടിക്കുന്ന ക്യൂലക്‌സ് വിഭാഗം കൊതുകുകളില്‍ ഈ രോഗാണു പ്രവേശിക്കുകയും വളരുകയും പെരുകുകയും ചെയ്യും. ഇത്തരം കൊതുകുകള്‍ മനുഷ്യരെ കടിക്കുമ്പോള്‍ രോഗാണു മനുഷ്യരില്‍ പ്രവേശിക്കുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കെട്ടി നില്‍ക്കുന്ന വെള്ളത്തിലാണ് ഇത്തരം ക്യൂലക്‌സ് കൊതുകുകള്‍ മുട്ടയിട്ട് വളരുന്നത്. ഈയിനം കൊതുകുകളെ കോര്‍പറേഷന്‍ പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
രോഗ സംക്രമണം തടയാന്‍ കൊതുകുകളെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വളര്‍ച്ചയെത്തിയ കൊതുകുകളെ നശിപ്പിക്കാന്‍ വീടിനകത്തും പുറത്തും ഫോഗിംഗ് സ്‌പ്രെയിങ് എന്നിവ നടത്തണം. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒരു പ്രാവശ്യം ഫോഗിംഗ് സ്‌പ്രെയിങ് നടത്തിയതായി ഡി.എം.ഒ അറിയിച്ചു. കൂടാതെ കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കാന്‍ കൊതുക് വളരുന്ന ഉറവിടങ്ങള്‍ ഇല്ലാതാക്കണം. ആഴം കുറഞ്ഞ കിണറുകളിലും ഇത്തരം ലാര്‍വകളെ കാണപ്പെടുന്നതിനാല്‍ ആഴം കുറഞ്ഞ കിണറുകളില്‍ നെറ്റ് ഉപയോഗിച്ച് മൂടണം.
കൊതുകുനശീകരണം, പരിസരശുചീകരണം എന്നിവയാണ് പ്രധാന പ്രതിരോധ മാര്‍ഗങ്ങള്‍. കക്കൂസ് ടാങ്ക്, ടാങ്കില്‍ നിന്നുള്ള വെന്റ് പൈപ്പ് എന്നിവ കൊതുകുകള്‍ പുറത്ത് വരാത്ത വിധം മൂടിവയ്‌ക്കേണ്ടതും, കൊതുകു വളരുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."