സമസ്ത നേതാവ് പി.കെ. അബ്ദുല്‍ കരീം ഹാജി അബൂദാബിയില്‍ അന്തരിച്ചു.
ചാവക്കാട് (തൃശൂര്‍): യു.എ.ഇ സുന്നി കൗണ്‍സില്‍ അംഗവും സമസ്ത തൃശൂര്‍ ജില്ലാ നേതാവുമായ തിരുവത്ര ഗാന്ധി റോഡിന് കിഴക്ക് പാലപ്പെട്ടി കുഞ്ഞിമോന്റെ മകന്‍ പി.കെ. അബ്ദുല്‍ കരിം ഹാജി (67) അബൂദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.
കെ.എം.സി.സി അബൂദാബി മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ്, അബൂദാബി സുന്നി സെന്റ് ട്രഷറര്‍, അബൂദാബി ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, തിരുവത്ര വെല്‍ഫെയര്‍ അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍, അബുദാബി തിരുവത്ര മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ്, തിരുവത്ര വാദിനൂര്‍ ഇസ്ലാമിക് അക്കാദമി രക്ഷാധികാരി, അറഹ്മ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യരക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ സമസ്തയുടെ ആസ്ഥാനമായ സമ്മര്‍ഖന്ദ് ഭവന്‍ ട്രസ്റ്റിയായ കരീം ഹാജി എം.ഐ.സി സ്ഥാപക നേതാക്കളിലൊരാളും കേന്ദ്ര കമ്മിറ്റി രക്ഷാധികാരിയുമാണ്.
ദീര്‍ഘകാലമായി അബൂദാബി പ്രതിരോധ വകുപ്പില്‍ ജീവനക്കാരനായിരുന്ന കരീം ഹാജി വിരമിച്ച ശേഷം സ്വന്തം ബിസിനസുമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. കോവിഡ് ലക്ഷണത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി അബൂദാബി ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച്ച രാത്രിയിലാണ് മരിച്ചത്. ഭാര്യ: സുബൈദ. മക്കള്‍: ബഷീര്‍, ജലീല്‍, ഗഫൂര്‍. മരുമക്കള്‍: സഫ്‌ന, ആമിന, സഹല.
അബുദാബിയുടെ സാമൂഹ്യ-സാംസ്‌കാരിക- മതവിദ്യാഭ്യാസ മേഖലകള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത പേരായിരുന്നു കരീം ഹാജി. മര്‍ഹൂം കെ കെ ഹസ്‌റത്ത്, എം.ഐ.സി സ്ഥാപനങ്ങള്‍ക്ക് ഊടും പാവും ഏകിയ സയ്യിദ് അബ്ദുറഹ്മാന്‍ ഹൈദറൂസി ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി തുടങ്ങിയവരോടൊപ്പം അബൂദാബിയില്‍ പ്രവര്‍ത്തിക്കാന്‍ കരീം ഹാജിയുമുണ്ടായിരുന്നു.
റമദാന്റെ പടിവാതില്‍ക്കല്‍ ചെറിയ ആരോഗ്യ പ്രയാസം തോന്നി ആശുപത്രിയിലേക്ക് നീങ്ങുന്ന നിമിഷം വരെ കരീം ഹാജി മുഴുസമയം സേവന നിരതനായിരുന്നു. അബുദാബിയില്‍ കോവിഡ് രോഗവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന സഹോദരങ്ങള്‍ക്കായി സഹായം എത്തിക്കുന്നതിന് തീവ്ര ശ്രമത്തിലായിരുന്നു ആ മനുഷ്യസ്‌നേഹി. അതിനിടയിലാണ് ഈ മഹാമാരി അദ്ദേഹത്തേയും പിടികൂടിയത്. കഴിഞ്ഞ ദിവസം സമസ്ത നേതാക്കള്‍ പ്രവാസ ലോകത്തെ വിവിധ നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ അബൂദാബിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് കരീം ഹാജിയായിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ ആലികുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ കരീം ഹാജിക്കായി പ്രാര്‍ത്ഥന നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."