മലേഷ്യയില്‍ മാക്‌സ് സുഖം പ്രാപിക്കുന്നു; പൂക്കോട് വെറ്ററിനറി സര്‍വകലാശാലയുടെ കരുതലില്‍
കല്‍പ്പറ്റ: നിര്‍ദേശങ്ങള്‍ നല്‍കിയത് പൂക്കോട് വെറ്ററിനറി സര്‍വകലാശാല. ശസ്ത്രക്രിയ നടന്നത് മലേഷ്യയിലെ പെനാങ് പ്രവിശ്യയിലെ പ്രാദേശിക മൃഗാശുപത്രിയില്‍- വെറ്ററിനറി മേഖലയിലെ ആദ്യ ടെലിഗൈഡഡ് ശസ്ത്രക്രിയക്ക് കേന്ദ്രമായിരിക്കുകയാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല.
മലേഷ്യയിലെ പെനാങ് പ്രവിശ്യയിലെ പ്രാദേശിക മൃഗാശുപത്രിയില്‍ ചികിത്സക്കായി എത്തിച്ച വാസ്‌ക്യൂലാര്‍റിങ് അനോമലി എന്ന ജന്മവൈകല്യമുണ്ടായിരുന്ന മിനിയേച്ചര്‍ പിന്‍ഷര്‍ ഇനത്തില്‍പ്പെട്ട മാക്‌സ് എന്ന നായ്ക്കുട്ടിക്കാണ് ഓണ്‍ലൈന്‍ വീഡിയോ സഹായത്തിലൂടെ ശസ്ത്രക്രിയ നടത്തിയത്.സങ്കീര്‍ണമായ തൊറാസിക് ശസ്ത്രക്രിയയാണ് ഓണ്‍ലൈന്‍ സഹായത്തോടെ എട്ട് ആഴ്ച്ച മാത്രം പ്രായവും 800 ഗ്രാം തൂക്കവുമുണ്ടായിരുന്ന മാക്‌സിന് വിജയകരമായി പൂര്‍ത്തിയാക്കിയത്.
മലയാളിയായ ഡോ. ഷിബു സുഹൃത്തുക്കളോടും മലേഷ്യയിലെ പ്രഗത്ഭരായ ഡോക്ടര്‍മാരോടും ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ചോദിച്ചെങ്കിലും പരിചയക്കുറവാണ് എല്ലാവരും ചൂണ്ടിക്കാണിച്ചത്. തുടര്‍ന്നാണ് വെറ്ററിനറി കോളജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സൂര്യദാസിനെ ബന്ധപ്പെട്ടത്.
വെറ്ററിനറി കോളജിലെ ടെലിമീഡിയ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ശസ്ത്രക്രിയക്ക് ആവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കിയത്.ഭ്രൂണാവസ്ഥയിലിരിക്കെ മഹാരക്തധമനി, ശ്വാസകോശത്തിലേക്കുള്ള രക്തധമനിയുമായി ചേര്‍ന്ന് അന്നനാളത്തിനു ചുറ്റുമായി വലയം സൃഷ്ടിക്കുകയും അന്നനാളം അതിനുള്ളില്‍ ഞെരുങ്ങിപ്പോകുകയും ചെയ്യുന്ന ജനനവൈകല്യ അവസ്ഥയാണ് വാസ്‌ക്യൂലാര്‍റിങ് അനോമലി.
ഡോ.സൂര്യദാസിന്റെ നേതൃത്വത്തില്‍ ഡോ. ജിനേഷ്‌കുമാര്‍, ഡോ. ജിഷ നായര്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്കാവശ്യമായ സാങ്കേതിക നിര്‍ദേശങ്ങള്‍ നല്‍കിയത്.
അഞ്ചുമണിക്കൂറോളം സമയമെടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.
ഡീന്‍ ഡോ. കോശിജോണ്‍, ആശുപത്രി മേധാവി ഡോ. ബിപിന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പെനാങിലെ വിന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഷിബു സുലൈമാന്‍, ശിവകുമാര്‍ സിംഗ്, തെഐലിംഗ്, അമല്‍ ഭാസ്‌കര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മാക്‌സ് ആരോഗ്യം വീണ്ടെടുക്കുന്നതായി ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."