നീറ്റ് പരീക്ഷക്ക് ഓണ്‍ലൈന്‍ മോക് ടെസ്റ്റുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്നവര്‍ക്ക് പരിശീലനത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ശേഖരിക്കുന്നതിനുമായി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മോക് ടെസ്റ്റ് നടത്തുന്നു. മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന നീറ്റ് പ്രവേശന പരീക്ഷ ലോക്ക് ഡൗണ്‍ മൂലം അനിശ്ചിതമായി മാറ്റിവച്ചിരിക്കുകയാണ്. സാധാരണഗതിയില്‍ ഈ സമയത്തിനുള്ളില്‍ പലതവണ മാതൃകാ പരീക്ഷകള്‍ നടക്കേണ്ടതാണ്. എന്നാല്‍ ഇത്തവണ അതും നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്നവര്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എഫ്.ഐ യൂനിറ്റിന്റെ നേതൃത്വത്തില്‍ മാതൃകാപരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൂറുരൂപയില്‍ കുറയാതെ സംഭാവന നല്‍കുന്നവര്‍ക്ക് പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. സംഭാവന നല്കുമ്പോള് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും ട്രാന്സാക്ഷന് ഐ.ഡിയും 7356224735 എന്ന വാട്സ്ആപ്പ് നമ്പറില്‍ അയച്ചുകൊടുക്കുക. ഏപ്രില്‍ 28നുശേഷം നല്കിയ സംഭാവനകള്‍ മാത്രമേ രജിസ്ട്രേഷനായി പരിഗണിക്കുകയുള്ളു. മെയ് 10 വരെ ഇപ്രകാരം പേര് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ മാതൃകാ പരീക്ഷക്കായി പ്രത്യേകം വെബ്സൈറ്റിന് രൂപംകൊടുത്തിട്ടുണ്ട്. ഈ വെബ്സൈറ്റിലൂടെ മെയ് 13നാണ് പരീക്ഷ നടത്തുക. സംഘാടകര്‍ നല്കുന്ന യൂസര്‍ നെയിമും പാസ്വേര്ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷ എഴുതാം. രാവിലെ 9.30 മുതല്‍ മൂന്നു മണിക്കൂറാണ് പരീക്ഷാസമയം. 180 ചോദ്യങ്ങളുണ്ടാകും.
ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയശേഷം അടുത്ത ചോദ്യത്തിലേക്ക് പോകാനാകും വിധത്തിലാണ് പരീക്ഷ സജ്ജീകരിക്കുന്നത്. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ പിന്നീട് ഉത്തരം നല്‍കാനാകില്ല. എന്‍ട്രന്‍സ് പരീക്ഷയുടെ അതേ മാതൃകയിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷ എഴുതുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികളുടെ റാങ്കു വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
ചോദ്യങ്ങള്‍ തയാറാക്കുന്നതും മൂല്യനിര്‍ണയം നടത്തുന്നതുമെല്ലാം നീറ്റ് പരീക്ഷയിലൂടെ ഉയര്‍ന്ന റാങ്ക് നേടി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളായിരിക്കും. േേവു:ംെംം.ളമരലയീീസ.രീാമമേെേഹ്യലഃമാ എന്ന ഫേസ്ബുക്ക് പേജിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്കു തയാറെടുക്കാനുള്ള പരിശീലനവും ഇവര്‍ നല്‍കുമെന്ന് എസ്.എഫ്.ഐ മെഡിക്കല്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് അസ്ലം സാഗറും സെക്രട്ടറി ആഷിന് ആനന്ദും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."