നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു
മുംബൈ: പ്രമുഖ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. 53 വയസായിരുന്നു. മുംബൈയിലെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായ ഇര്‍ഫാന്‍ ഖാന്‍ ഏറെ നാള്‍ വിദേശത്ത് ചികില്‍സയിലായിരുന്നു. അടുത്തിടെയാണ് തിരിച്ചെത്തിയതും സിനിമയില്‍ സജീവവമായതും. ഭാര്യ സുതാപ സിക്ദാറും മക്കളായ ബാബില്‍, അയന്‍ഖാന്‍ എന്നിവരും ഇര്‍ഫാന്‍ഖാനൊപ്പം മുംബൈയിലെ ആശുപത്രിയില്‍ ഉണ്ടായിരുന്നു.
തനിക്ക് അപൂര്‍വ രോഗമാണെന്ന് ഇര്‍ഫാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് പരസ്യമാക്കിയത്. ന്യൂറോ എന്റോക്രൈന്‍ ട്യൂമര്‍ എന്ന രോഗമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. മാതാവിന്റെ മരണത്തിന് ശേഷം ഒരാഴ്ച തികയും മുമ്പാണ് ഇര്‍ഫാന്റെ മരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇര്‍ഫാന്‍ ഖാന്റെ മാതാവ് സഈദാ ബീഗം(95) ജയ്പൂരില്‍ അന്തരിച്ചത്. മുംബൈയിലായതിനാല്‍ ഇര്‍ഫാന്‍ ഖാന് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍മാരില്‍ ഒരാളായ ഇര്‍ഫാന് 2011ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്. 1967 ജനുവരി ഏഴിന് രാജസ്ഥാനിലെ ജയ്പൂരിലാണ് ജനനം. ചെറുപ്പത്തില്‍ ക്രിക്കറ്റിലായിരുന്നു താല്‍പ്പര്യം. പിന്നീടാണ് അഭിനയരംഗത്തേക്ക് മാറിയത്. മുംബൈയിലെത്തി ടെലിവിഷന്‍ പരമ്പരകളില്‍ വേഷമിട്ടു.
മീരാ നായരുടെ സലാം ബോംബെ ആണ് ആദ്യ ചിത്രം. 2003ല്‍ പുറത്തിറങ്ങിയ ഹാസില്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് ഇര്‍ഫാന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. 2013ല്‍ പാന്‍ സിങ് തോമറിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ബ്ലോക് ബസ്റ്റര്‍ ചിത്രമായ ജുറാസിക് വേള്‍ഡ്, ലൈഫ് ഓഫ് പൈ, സ്‌ലംഡോഗ് മില്യനയര്‍ പോലുള്ള ചിത്രങ്ങളിലൂടെ ഹോളിവുഡിലും താരം കഴിവു തെളിയിച്ചു.
അംഗ്രേസി മീഡിയം ആണ് ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം. കൊവിഡ് വ്യാപനം കാരണം തിയറ്ററുകള്‍ അടച്ചിടുന്നതിന് തൊട്ടുമുമ്പാണ് ഈ ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. പിന്നീട് ചിത്രം ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയായിരുന്നു. അവസാന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം പ്രമോഷന്‍ പരിപാടികളില്‍ താരം സജീവമായിരുന്നില്ല. ഇര്‍ഫാന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, അമിതാബ് ബച്ചന്‍, ഷാറൂഖ് ഖാന്‍ തുടങ്ങി രാഷ്ട്രീയ-സിനിമാ രംഗത്തുള്ള നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."