സന്തുഷ്ട കുടുംബം; തിരുമാതൃക
അനസ് (റ) പറയുന്നു : 'കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല' (മുസ്‌ലിം). പ്രവാചക തിരുമേനി (സ)യുടെ 'വീട്ടിനകത്ത് ' നിന്ന് അടിച്ചു വീശുന്ന സുഗന്ധം കൂടുംബത്തോട് കാണിക്കുന്ന സ്വഭാവങ്ങളുടേതാണെന്ന് ചരിത്രം പറഞ്ഞു തരും. കുടുംബ ബന്ധം ഉടയാതെ സൂക്ഷിക്കാനും വിശ്വാസത്തിന്റെ സമ്പൂര്‍ണതയ്ക്ക് അതനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനുമാണ് തിരു ജീവിതം ശ്രമിച്ചത്. മാതൃക കാണിച്ച പ്രവാചക കുടുംബ ജീവിതത്തിന്റെ അടിക്കല്ല് പാകിയത് പ്രാര്‍ഥനയിലൂടെയായിരുന്നു. 'അല്ലാഹുവേ.. എന്റെ സൃഷ്ടിപ്പിനെ നന്നാക്കിയത് പോലെ എന്റെ സ്വഭാവത്തെയും നീ നന്നാക്കേണമേ...' എന്ന് നബി (സ) പ്രാര്‍ഥിച്ചത് കാണാം.
പുറത്ത് മാന്യത സൂക്ഷിക്കുന്നവര്‍ വീടിനകത്ത് 'കൊടും ഭീകരര്‍' ആയി മാറുന്ന കാഴ്ചയാണിന്ന്. നമ്മുടെ സ്വഭാവം കാരണം വീട്ടിനകത്ത് സന്തോഷം കുറഞ്ഞു വരുന്നത് നാം തിരിച്ചറിയണം. വാക്കിലും നോക്കിലും ശ്രദ്ധ വേണം. ഉത്തമമായ രീതിയിലുള്ള പെരുമാറ്റം വേണം. വലിയവരോടും ചെറിയവരോടും കളങ്കമില്ലാത്ത ആദരവും സ്‌നേഹവും പ്രകടിപ്പിക്കണം. പക്ഷെ, 'എന്റെ സ്വഭാവം നല്ലതോ, ചീത്തയോ..' ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാല്‍ തന്നെയും സ്വന്തം ഗുണങ്ങളേ കാണൂ. നമ്മുടെ കുറവുകള്‍ കാണാന്‍ നമുക്ക് സാധിക്കില്ലല്ലോ!
പ്രവാചകനില്‍ നിന്ന് ദുസ്സ്വഭാവം വന്നിട്ടില്ല; വരികയുമില്ല. 'എന്റെ സ്വഭാവം നന്നാക്കണേ...' എന്ന പ്രാര്‍ഥന അവിടുന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു.
'അല്ലാഹുവേ, ഇണക്കമില്ലായ്മയില്‍ നിന്നും കാപട്യത്തില്‍ നിന്നും ദുസ്സ്വഭാവത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു'. ഈ പ്രാര്‍ഥനകളെല്ലാം നബി (സ) നിര്‍വഹിച്ചത് സല്‍സ്വഭാവവും മാന്യതയും അഭിനയിച്ച് തീര്‍ക്കാനുള്ളതല്ല; ഇലാഹായ റബ്ബിന്റെ പ്രീതി നേടാനുള്ള വിശിഷ്ട നിലപാടാണെന്ന് ബോധ്യപ്പെടുത്താനാണ്.
വീട്ടിനകത്ത് സന്തോഷം നിറഞ്ഞ ഇടപെടല്‍ നബി (സ) യുടെ പ്രത്യേകതയാണ്. 'വസ്ത്രം തുന്നുന്നു, പാദരക്ഷകള്‍ നന്നാക്കുന്നു, ഒരു സാധാരണക്കാരന്‍ തന്റെ വീട്ടില്‍ ചെയ്യുന്നതെല്ലാം നബി തങ്ങളും ചെയ്തിരുന്നു എന്ന് ആഇശ (റ) വീട്ടിനകത്തെ വിശേഷങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
കുഞ്ഞുങ്ങളോട് കാണിച്ചിരുന്ന വാത്സല്യം ഒരു പിതാവിനെയും ഒരു വല്യുപ്പയെയും പഠിപ്പിച്ചു തരുന്നുണ്ട്. അബൂ ഹുറൈറ (റ)യില്‍ നിന്നും നിവേദനം: 'റസൂല്‍ (സ) ഒരിക്കല്‍ അലി(റ)യുടെ മകന്‍ ഹസന്‍(റ) നെ ചുംബിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ)ന്റെ അടുക്കല്‍ അഖ്‌റഅ്ബ്‌നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: 'എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരില്‍ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല'. അപ്പോള്‍ പ്രവാചകന്‍ (സ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: 'മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവില്‍ നിന്നും കാരുണ്യം ലഭിക്കുകയില്ല' (ബുഖാരി, മുസ്‌ലിം).
അബൂഹുറയ്‌റ (റ) നിവേദനം: ഒരു ദിവസം പകല്‍ നബി (സ) വീട്ടില്‍ നിന്നും പുറപ്പെട്ടു. ഞാനും കൂടെ ഉണ്ടായിരുന്നു. നബി (സ) ഫാത്വിമ (റ)യുടെ മുറ്റത്തിരുന്നു. എന്നിട്ട് കുഞ്ഞുമോന്‍ ഇവിടെയില്ലേ എന്ന് നബി (സ) വിളിച്ചു ചോദിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഓടി നബി (സ)യുടെ അടുക്കല്‍ വന്നു. അവിടുന്ന് അവനെ കെട്ടിപിടിച്ച് ചുംബിച്ച് കൊണ്ടിങ്ങനെ പ്രാര്‍ഥിച്ചു: 'അല്ലാഹുവേ നീ ഇവനെ സ്‌നേഹിക്കണേ. ഇവനെ സ്‌നേഹിക്കുന്നവരെയും നീ സ്‌നേഹിക്കണേ... (ബുഖാരി, മുസ്‌ലിം).
അനസ് (റ) നിവേദനം: നബി (സ) ഇബ്‌റാഹീമിനെ തന്റെ മടിയിലിരുത്തി മുത്തി മണത്തു (ബുഖാരി, മുസ്‌ലിം). ഉസാമത്ത്ബ്‌നു സൈദ് (റ) പറയുന്നു: നബി (സ) എന്നെ എടുത്ത് അവിടുത്തെ തുടമേല്‍ ഇരുത്തി. ഹസനെ മറ്റെ തുടമേലുമിരുത്തി. എന്നിട്ട് രണ്ട് പേരെയും ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു: അല്ലാഹുവേ, ഇവരോട് നീ കരുണ കാണിക്കേണമേ, തീര്‍ച്ചയായും ഞാന്‍ ഇവര്‍ രണ്ടുപേരോടും കരുണ കാണിക്കുന്നു (ബുഖാരി).
ഭാര്യമാരോട് നിറഞ്ഞ പുഞ്ചിരിയോട് പെരുമാറിയ നബി (സ) യെ പകര്‍ത്തിയാല്‍ ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന 'സ്‌നേഹം' എല്ലാ വീടുകളിലും നിറഞ്ഞു കവിയും. അംറ് (റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ നബി പത്‌നി ആഇശ (റ)യോടു ചോദിച്ചു. തിരുനബി (സ) ഭാര്യമാര്‍ക്കൊപ്പം ഒറ്റയ്ക്കായാല്‍ എങ്ങനെയായിരുന്നു ? ബീവി പറഞ്ഞു: നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ആണിനെപ്പോലെത്തന്നെയായിരുന്നു നബിയും. ഒരു വ്യത്യാസം മാത്രം. തങ്ങള്‍ ജനങ്ങളില്‍ വച്ചേറ്റവും മാന്യനും സദ്‌സ്വഭാവിയും ചിരിയും പുഞ്ചിരിയും നിറഞ്ഞവരുമായിരുന്നു' (ഖുര്‍തുബി). ആഇശാ ബീവി(റ) പറയുന്നു: 'എന്റെയും നബി (സ)യുടെയും ഇടയില്‍ ഒരു പാത്രം വെള്ളം വച്ച് ഞാനും നബിയും ഒരുമിച്ച് കുളിക്കാറുണ്ടായിരുന്നു. നബി(സ) എന്നേക്കാള്‍ വേഗത്തില്‍ വെള്ളം മുക്കി ഒഴിക്കുമായിരുന്നു. മതി, മതി എനിക്കും വേണം എന്ന് ഞാന്‍ പറയുന്നതുവരെ'.
മുത്തു നബി (സ)യുടെ സ്‌നേഹം നിറഞ്ഞ വീട്ടിനകത്തുള്ള പെരുമാറ്റം ഭാര്യമാരെയും സ്‌നേഹ സമ്പന്നമാക്കിയിട്ടുണ്ട്. നബി (സ) വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിന്റെ ഏതു ഭാഗത്താണ് ചുണ്ട് വച്ചതെന്ന് നോക്കി നില്‍ക്കുകയും താഴെ വച്ച പാത്രമെടുത്ത്, ഭര്‍ത്താവ് ചുണ്ട് വച്ച ഭാഗത്ത് തന്നെ ചുണ്ടു വയ്ക്കുന്ന ഭാര്യയെയും ആഇശ (റ) യില്‍ നിന്ന് പകര്‍ത്തിയെടുക്കണം.
മനസ്സും ശരീരവും അകന്നു നില്‍ക്കുന്ന ജീവിത ശീലങ്ങള്‍ വീടകങ്ങളെ ഗ്രസിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ മഹദ് ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം. പ്രവാചക ജീവിതം കുടുംബത്തിനകത്ത് പകര്‍ത്താതെ സ്വര്‍ഗ പ്രവേശനം പ്രതീക്ഷിക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."