പ്രകൃതിഭംഗിയുടെ വേറിട്ട കാഴ്ചയൊരുക്കി ന്യൂകട്ട്
തിരൂരങ്ങാടി: പടിഞ്ഞാറന്‍കാറ്റിന്റെ വശ്യതയില്‍ ആടിയുലയുന്ന അക്കേഷ്യന്‍ മരങ്ങള്‍. കലങ്ങിമറിഞ്ഞു കുത്തിയൊഴുകുന്ന പൂരപ്പുഴ, ശബ്ദകോലാഹാലങ്ങളോടെ ജലപ്പരപ്പില്‍ ചുഴികളുടെ ചിത്രംവരച്ച് ഇളകിമറിയുന്ന ചെക്ക് ഡാമിലെ വെള്ളച്ചാട്ടം. സെല്‍ഫിയെടുത്ത് മടങ്ങുമ്പോള്‍ എല്ലാ മുഖങ്ങളിലും സന്തോഷത്തിന്റെ പൂത്തിരികള്‍. പരപ്പനങ്ങാടി നഗരസഭയിലെ പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ട് ആണ് സന്ദര്‍ശകരുടെ മനം കവരുന്നത്. പെരുന്നാള്‍ പ്രമാണിച്ച് വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പെരുന്നാള്‍ ദിവസം ആരംഭിച്ച ജനപ്രവാഹം ഇന്നലെയും തുടര്‍ന്നു. സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിന് കുടുംബങ്ങള്‍ ഇന്നലെയും സ്ഥലത്തെത്തി.
പുഴകളും വയലുകളും തെങ്ങിന്‍തോപ്പുകളും അക്കേഷ്യന്‍ മരങ്ങളും തീര്‍ത്ത പ്രകൃതി ഭംഗിയും സ്വസ്ഥവും ശുദ്ധവുമായ അന്തരീക്ഷവുമാണ് ടൂറിസം ഭൂപടത്തില്‍ ഇടംനേടിയ ന്യൂകട്ടിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. പ്രകൃതിഭംഗി ആസ്വാദിക്കാനായി നിത്യേനെ നിരവധി ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. അരകിലോമീറ്ററോളം നീണ്ടുകിടക്കുന്ന പുഴയുടെ ഒരുഭാഗം മുഴുവന്‍ അക്കേഷ്യന്‍ മരങ്ങളായിരുന്നു. പില്‍ക്കാലത്ത് ഇവയിലേറെയും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. പിന്നീട് ടൂറിസം പദ്ധതിമേഖലയായി പരിഗണിക്കപ്പെട്ടതോടെ ബോട്ട് സര്‍വിസിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ബോട്ട് ജെട്ടിയടക്കം നിര്‍മിച്ചു.
സാമൂഹ്യദ്രോഹികളുടെ ശല്യം വര്‍ധിക്കുകയും നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പുകളും കാരണം പദ്ധതി പാതിവഴിയില്‍ നിലച്ചു. പിന്നീട് പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ ശ്രമഫലമായി പദ്ധതി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു.
1.17 കോടി രൂപ ചെലവില്‍ ടൂറിസം പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇതിന്റെ സര്‍വേ ഈയിടെ പൂര്‍ത്തിയായി. തുടര്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ജലസേചനവകുപ്പിന്റെ 75 സെന്റ് ഭൂമിയും ചേര്‍ത്താണ് ടൂറിസം പദ്ധതിക്ക് വഴിയൊരുക്കിയത്. ആദ്യഘട്ടമെന്ന നിലയില്‍ കനാല്‍ ആഴം കൂട്ടല്‍, പാര്‍ശ്വഭിത്തി നിര്‍മാണം, സഞ്ചാരികള്‍ക്കായി കനാലിന്റെ ഇരുഭാഗങ്ങളിലുമായി 700 മീറ്ററോളം നീളത്തിലും 10 അടി വീതിയിലുമായി കൈവരിയോട് കൂടിയ പുഴയോര നടപ്പാത, ഇരിപ്പിടം, ബോട്ട് സവാരി, ഗാര്‍ഡനിങ് സൗകര്യങ്ങള്‍, കുട്ടികളുടെ പാര്‍ക്ക്, ശൗച്യാലയം എന്നിവയാണ് ഒരുക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ന്യുകട്ട് മാറുകായും പരപ്പനങ്ങാടി നഗരസഭയ്ക്ക് സാമ്പത്തികമായി മുതല്‍ക്കൂട്ടാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."