കുടുംബശ്രീയെ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതായി ആക്ഷേപം
ഹരിപ്പാട്: കുടുംബശ്രീയെ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് അവഗണിക്കുന്നതായി ആക്ഷേപം. കുടുംബശ്രീ മിഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പൂര്‍ണമായും രാഷ്ട്രീയമുക്തമായി പ്രവര്‍ത്തിക്കുന്ന പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയെയാണ് മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികള്‍ അവഗണിക്കുന്നത്. കാര്‍ഷിക മേഖലയായ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ നിലവില്‍ വന്നതിനുശേഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒട്ടനവധി സ്ത്രീകള്‍ക്ക് തൊഴിലും തൊഴിലവസരങ്ങളും സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ട്.
238 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലും 258 ജെ.എല്‍.ജികളിലും കൂടി 3540 അംഗങ്ങളുണ്ട്. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീക്ക് ജില്ലയില്‍ 2010-ല്‍ അഞ്ചാം സ്ഥാനവും 2015-ല്‍ ഒമ്പതാം സ്ഥാനവും നേടാന്‍ കഴിഞ്ഞു. ഈ കാലയളവില്‍ 20 കോടിയോളം രൂപ പലവിധ സംരംഭങ്ങള്‍ക്കായി വിവിധ ബാങ്കുകള്‍ മുഖേന വിതരണവും ചെയ്തു. ജില്ലയില്‍തന്നെ ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീകളിലൊന്നാണിത്. എന്നിട്ടും പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി കുടുംബശ്രീ പ്രസ്ഥാനത്തെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. നാളിതുവരെ പള്ളിപ്പാട് ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീക്ക് പ്രവര്‍ത്തിക്കുവാനായി ഒരു ഓഫീസ് സംവിധാനം ഒരുക്കിക്കൊടുക്കുവാന്‍പോലും ഭരണസമിതി ശ്രമിച്ചിട്ടില്ല.
നിലവില്‍ കുടുംബശ്രീ അംഗങ്ങള്‍ സ്വന്തമായി പിരിച്ചെടുക്കുന്ന തുക കൊണ്ടാണ് ഓഫീസ് വാടക പോലും കൊടുക്കുന്നതെന്ന സത്യം അറിയുമ്പോള്‍ മനസിലാക്കാന്‍ കഴിയും പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത എത്രത്തോളോമുണ്ടെന്ന്. നേരത്തേ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസിനോടനുബന്ധിച്ച് പ്രവര്‍ത്തിച്ചിരുന്നതിനാല്‍ വാടക കൊടുക്കേണ്ടി വന്നിരുന്നില്ല.
ഒരു ദശാബ്ദക്കാലമായി തങ്ങള്‍ക്ക് ഗ്രാന്റിനത്തിലോ തൊഴില്‍ പരിശീലനത്തിനോ ഒരു രൂപ പോലും കാലാകാലങ്ങളിലെ ബജറ്റുകളില്‍ വകയിരുത്തിയിട്ടില്ല. 2017-18 ലെ ബജറ്റിലെയും അവസ്ഥ ഇതുതന്നെ.
സ്വന്തമായി ഓഫിസ് സംവിധാനമില്ലാത്ത ജില്ലയിലെ ഏക കുടുംബശ്രീയാണ് പള്ളിപ്പാട്ടേത്. കെട്ടുറപ്പുള്ള ഒരു ഓഫിസ് സംവിധാനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി തരണമെന്ന് കാലാകാലങ്ങളായി മാറി മാറി വരുന്ന പഞ്ചായത്ത് ഭരണസമിതികളോട് സി.ഡി.എസ് ഭാരവാഹികള്‍ നിരന്തരം അഭ്യര്‍ഥിച്ചിട്ടും യാതൊരു ഫലവും കണ്ടില്ല. 'സ്വച്ഛ ഭാരത്' - ശുചിത്വമിഷന്‍ എന്ന് നാടു മുഴുവന്‍ കൊട്ടിഘോഷിക്കുമ്പോഴും നൂറ് കണക്കിന് സ്ത്രീകള്‍ ദിവസേന പല കാര്യങ്ങള്‍ക്കായി വന്നുപോകുന്ന കുടുംബശ്രീ ഓഫിസില്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി അയല്‍ വീടുകളെ ആശ്രയിക്കേണ്ട ഗതികേടാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."