ഹയര്‍ സെക്കന്‍ഡറി: ജില്ലക്ക് പ്രത്യേക പാക്കേജ് അനുവദിക്കണം: യൂത്ത് ലീഗ്
മലപ്പുറം: ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റിനു ശേഷം ജില്ലയില്‍ 39,000 വിദ്യാര്‍ഥികള്‍ സ്കൂള്‍ പ്രവേശനത്തിന് അനുമതി കിട്ടാതെ പുറത്തു നില്‍ക്കുക്കുകയും ഇനിയുള്ള അലോട്ട്മെന്റ് പൂര്‍ത്തിയായാല്‍ തന്നെ കാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപ്പാക്കിയ സീറ്റ് വര്‍ധനവ് പ്രയോഗികമായി നടപ്പാക്കാന്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നില്ല. ക്ലാസ് റൂമുകളില്‍ വിദ്യാര്‍ഥികളെ ഉള്കൊള്ളാനാകാത്തതാണ് കാരണം.പുതിയ ബാച്ചുകള്‍ അനുവദിച്ച് പുതിയ ക്ലാസുകള്‍ ആരംഭിക്കുകയാണ് ഇതിനുള്ള പരിഹാരം. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ കൂടുതല്‍ വിജയവും ഉയര്‍ന്ന മാര്‍ക്കും നേടിയ ജില്ലയിലെ വിദ്യാര്‍ഥികളുടെ ഈ അനിശ്ചിതത്വം പരിഹരിക്കാന്‍ സര്‍ക്കാര്‍ ത്വരിത നടപടി എടുക്കണം. ജില്ലയുടെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. കെ.ടി അഷ്റഫ്, വി.ടി സുബൈര്‍ തങ്ങള്‍, ശരീഫ് കുറ്റൂര്‍, എന്‍.കെ അഫ്സല് റഹ്മാന്, വി.കെ.എം ഷാഫി, അമീര്‍ പാതാരി, മുസ്തഫ അബ്ദുല്‍ ലത്തീഫ് ,അഡ്വ. എം.കെ.സി നൗഷാദ്, ഗുലാം ഹസന് ആലംഗീര്‍, ബാവ വിസപ്പടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."