ഒഴിഞ്ഞ പറമ്പില്‍ മാലിന്യം തള്ളുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തുന്നു
പെരുമ്പാവൂര്‍: നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പില്‍ മാലിന്യം തള്ളുന്നത് മൂലം രോഗങ്ങള്‍ പടരുമെന്ന് ആശങ്കയില്‍ ജനങ്ങള്‍. രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. ഇത് ഭക്ഷിക്കുന്നതിനും മറ്റുമായി എലികളുടെ വന്‍പടതന്നെയുണ്ട് ഈ പറമ്പില്‍. നഗരത്തില്‍ മഞ്ഞപിത്തം, ഡെങ്കിപ്പനി എന്നീ രോഗങ്ങള്‍ പടര്‍ന്ന് പിടിച്ചതിന് പിന്നാലെയാണ് ഈ മാലിന്യ കൂമ്പാരം ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്. പെരുമ്പാവൂര്‍ നഗരത്തിന്റെ മധ്യത്തില്‍ പി.പി റോഡില്‍ മഞ്ചു സില്‍ക്‌സ് എന്ന വസ്ത്രശാലയുടെ കെട്ടിടത്തിന്റെ സമീപമുള്ള ഒഴിഞ്ഞ പറമ്പിലാണ് മാലിന്യകൂമ്പാരം. ഇവിടം ഇഴജന്തുക്കളുടേയും വാസസ്ഥലമായി മാറിയിരിക്കുകയാണ്.
മഴ കനത്തതോടെ മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള അഴുകിയ ജലം സമീപത്തേക്ക് ഒലിച്ചിറങ്ങുന്നത് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയാണ് ഇതിലൂടെ ആളുകള്‍ നടന്ന് പോകുന്നത്. പ്രദേശത്തെ വ്യാപാരികള്‍ക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. നഗരസഭയിലെ ഇരുപത്തി ഒന്നാം വാര്‍ഡിലാണ് ഈ ഒഴിഞ്ഞ പറമ്പ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ളതിനാല്‍ നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ ഇവിടെ നിന്ന് മാലിന്യം നീക്കാറില്ല. ഇതോടെ മാലിന്യം കുമിഞ്ഞുകൂടുകയാണ്. ഈ പറമ്പില്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടര്‍ന്നാല്‍ പകര്‍ച്ചവ്യാധികള്‍ പിടിപെടുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."