വിമതയെ കൂടെക്കൂട്ടി; കോട്ടുകാല്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്
കോവളം: സി.പി.എമ്മിന്റെ പിന്തുണയോടെ പഞ്ചയത്ത് പ്രസിഡന്റായ കോണ്‍ഗ്രസ് വിമതയെ ഒപ്പംകൂട്ടി കോട്ടുകാല്‍ പഞ്ചായത്തിന്റെ ഭരണം ഇടതുമുന്നണിയില്‍നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ പുന്നക്കുളം ബിനു വിജയിച്ചതോടെയാണു ഭരണം കോണ്‍ഗ്രസിനു ലഭിച്ചത്.
മൂന്നുവര്‍ഷം മുന്‍പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതിരുന്ന ഇടതുമുന്നണി അന്നു കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച വനിതാ അംഗം കെ.എസ് സജിയെ പ്രസിഡന്റാക്കിയാണു കോട്ടുകാല്‍ പഞ്ചായത്ത് ഭരണം പിടിച്ചത്.
ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ അന്നു കോണ്‍ഗ്രസിന് ഏഴും സി.പി.എം 4, ജനതാദള്‍ 1, സി.പി.ഐ 1 എന്നിങ്ങനെ ഇടതുമുന്നണിക്ക് ആറ് അംഗങ്ങളും ബി.ജെ.പി 4, സ്വതന്ത്രരായി രണ്ടു വനിതാ അംഗങ്ങളുമാണു വിജയിച്ചത്. സ്വതന്ത്രരായി വിജയിച്ച രണ്ടു വനിതകളെയും ഒപ്പംകൂട്ടിയ ഇടതുമുന്നണി കോണ്‍ഗ്രസ് വിമതയായി വിജയിച്ച കെ.എസ് സജിയെ പ്രസിഡന്റാക്കിയും സി.പി.എമ്മുകാരനായ സജിയെ വൈസ് പ്രസിഡന്റാക്കിയും പഞ്ചായത്ത് ഭരണം നടത്തിവരികയായിരുന്നു. മൂന്നുവര്‍ഷം മുന്‍പ് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഇടതുമുന്നണിയും തമ്മില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന സി.പി.എം അംഗം സജിക്കെതിരേ കഴിഞ്ഞമാസം അഞ്ചിന് അവതരിപ്പിച്ച അവിശ്വാസപ്രമേയം പാസായതോടെയാണു ഭരണമാറ്റത്തിനിടയായ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നിലവിലെ വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസപ്രമേയത്തെ പഞ്ചായത്ത് പ്രസിഡന്റും ബി.ജെ.പിയും പിന്തുണച്ചിരുന്നു. റിട്ടേണിങ് ഓഫിസറായ പള്ളിച്ചല്‍ പ്രിന്‍സിപ്പല്‍ അഗ്രികല്‍ച്ചറല്‍ ഓഫിസര്‍ നിര്‍മ്മല സിസിലി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്നലെ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പുന്നക്കുളം ബിനുവാണു വിജയിച്ചത്.
പഞ്ചായത്ത് പ്രസിഡന്റായ കെ.എസ് സജിയുടെ വോട്ടടക്കം എട്ടു വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബിനു ജയിച്ചത്. റിബലായി മത്സരിച്ച് വിജയിച്ചവരെ ഒപ്പംകൂട്ടി ഭരണം പിടിക്കേണ്ടതില്ലെന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാട് മൂലം മൂന്നുവര്‍ഷം മുന്‍പ് കൈവിട്ടുപോയ കോട്ടുകാല്‍ പഞ്ചായത്ത് ഭരണമാണ് കോണ്‍ഗ്രസ് വിമതയായി മത്സരിച്ചുജയിച്ച് ഇടതുമുന്നണിയുടെ പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ വിമതയെ ഒപ്പംകൂട്ടി കോണ്‍ഗ്രസ് പിടിച്ചെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."