റോഡില്ല, വെള്ളമില്ല; ദുരിതമൊഴിയാതെ കൊല്ലയില്‍ എ.കെ.ജി കോളനി
നെയ്യാറ്റിന്‍കര: സഞ്ചരിക്കാന്‍ റോഡും കുടിക്കാന്‍ വെള്ളവുമില്ലാതെ കൊല്ലയില്‍ പഞ്ചായത്തിലെ വഴുത്തോട്ടുക്കോണം എ.കെ.ജി കോളനി. അടിസ്ഥാന ആവശ്യങ്ങളോടു പോലും അധികൃതര്‍ മുഖംതിരിക്കുന്നതില്‍ പ്രതിഷേധിച്ച് സമരരംഗത്തേക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണു കോളനിനിവാസികള്‍. കൊറ്റാമത്തുനിന്ന് എ.കെ.ജി കോളനിയിലേക്കുള്ള ഏക റോഡ് തകര്‍ന്നിട്ടു 15 വര്‍ഷത്തിലധികമായി.
നൂറുകണക്കിനു കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടുത്തെ റോഡ് പുനരുദ്ധാരണത്തിനായി ബണ്ഡപ്പെട്ട നിരവധി വകുപ്പുകള്‍ക്കു പരാതി നല്‍കിയിട്ടും നാളിതുവരെ നടപടിയൊന്നുമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ദേശീയപാതയില്‍നിന്ന് രണ്ടു കിലോമീറ്ററുകള്‍ അകലെയുള്ള എ.കെ.ജി കോളനിയിലേക്കുള്ള റോഡിന്റെ ശോചനീയവസ്ഥ കാരണം ഓട്ടോ ഡ്രൈവര്‍മാര്‍ ഇതുവഴി വരാനും മടിക്കുന്നു.
ബൈക്ക് യാത്രികര്‍ ഇവിടെ അപകടത്തില്‍പെടുന്നതും പതിവാണ്. വേനല്‍ കടുത്തതോടെ മേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമാവുകയാണ്. പ്രദേശത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഴല്കുണറുകള് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവര്‍ത്തനരഹിതമാണെന്ന് നാട്ടുകാര്‍ പറയുന്നു.
നൂറോളം കുടുംബങ്ങളിലായി 600ലധികം ആളുകളാണു പ്രദേശത്ത് താമസിക്കുന്നത്. ഇവിടെ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ടാങ്കില്‍ നിന്ന് ആഴ്ചയില്‍ രണ്ടുദിവസം മാത്രമെ വെള്ളം ലഭിക്കാറുള്ളൂവെന്നും പ്രദേശവാസികള്‍ പറയുന്നു. വരുംദിവസങ്ങളില്‍ പ്രക്ഷോഭവുമായി മുന്നോട്ടുപോകാന്‍ ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കാനൊരുങ്ങുകയാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."