ഭീകരാക്രമണത്തിനു പിന്നില്‍ ഐ.എസ്: സഊദി ആഭ്യന്തര മന്ത്രാലയം
റിയാദ്: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മദീനയിലെയും അതേ ദിവസം തന്നെ രാജ്യത്തെ ജിദ്ദയിലും ഖത്വീഫിലും നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ സിറിയന്‍ ഐ.എസാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സിറിയന്‍ ദാഇഷ് (ഐ.എസ്) രാജ്യത്തെ ഛിദ്രശക്തികളെ കൂട്ടുപിടിച്ചാണ് ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയതെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തില്‍ തന്നെ തിങ്കളാഴ്ച നടന്ന മദീനയിലെയും ഖത്വീഫിലെയും ആക്രമണങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായി കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വ്യക്തമാക്കി. ഇരു കേന്ദ്രങ്ങളിലും പൊട്ടിത്തെറിച്ച ചാവേറുകള്‍ തമ്മില്‍ ബന്ധപ്പെട്ടിരുന്നതായും ഒരേ സമയം തിരഞ്ഞെടുത്തതും പള്ളികള്‍ കേന്ദ്രമാക്കിയതും ഇവരുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടനങ്ങളുടെ പശ്ചാതലത്തില്‍ നിരവധി പേരെ ആഭ്യന്തരമന്ത്രാലയം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജിദ്ദയിലെ ചാവേറായ പാകിസ്താന്‍ പൗരന്‍ ഗുല്‍സാര്‍ ഖാന്റെ കുടുംബവും അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. ജിദ്ദയില്‍ ചാവേറായ ഇദ്ദേഹത്തിന്റെ പേരിലുള്ള കാറാണ് ഖത്വീഫിലെ ചാവേര്‍ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. 12 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാള്‍ അവിടെ കുടുംബസമേതമാണ് താമസിക്കുന്നത്.
രക്തസാക്ഷികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബത്തിനും മക്കള്‍ക്കും രാജ്യം പൂര്‍ണ പിന്തുണ നല്‍കുമെന്നും അവരുടെ ജീവിതം ഏറ്റെടുക്കുമെന്നും കിരീടവകാശി മുഹമ്മദ് ബിന്‍ നായിഫ് മദീനയില്‍ പറഞ്ഞു. കുംബാംഗങ്ങളുമായി മദീനയില്‍ കിരീടവകാശി കൂടിക്കാഴ്ചയും നടത്തി.
അതേസമയം, ഒരേ ദിവസം നടന്ന തുടര്‍സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി. ഐ.എസ് തീവ്രവാദ പ്രതിരോധ കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കൂടാതെ, സിറിയ, യമന്‍, ഫലസ്തീന്‍ ഇസ്രാഈല്‍ ചര്‍ച്ചകള്‍ എന്നിവയുടെ രാഷ്ട്രീയ കാര്യങ്ങളും ഇരുവരും ഗൗരവമായി ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."