പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായി കപ്രശ്ശേരി ഐ.എച്ച്.ആര്‍.ഡി സ്‌കൂള്‍
നെടുമ്പാശ്ശേരി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് (ഐ.എച്ച്.ആര്‍.ഡി)വിഭാഗത്തിന്റെ കീഴില്‍ ചെങ്ങമനാട് പഞ്ചായത്തിലെ കപ്രശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസ പുരോഗതിയില്‍ ശ്രദ്ധേയമാകുന്നു. 1997ല്‍ എട്ട് മുതല്‍ വരെ ക്‌ളാസുകളുമായി പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ അക്കാലം മുതല്‍ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ്‌മേനി കൈവരിക്കുന്നു. 12 ഡിവിഷനുകളിലായി 500 ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്റ്റേറ്റ് സിലബസിനൊപ്പം ഇലക്ട്രോണിക്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയും സ്‌കൂളില്‍ അധികമായി പഠിപ്പിക്കുന്നുണ്ട്.
ഹയര്‍സെക്കന്‍ഡറിയില്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക് എന്നിവയും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിങ് മേഖല ലക്ഷ്യമിടുന്നവര്‍ക്ക് അനായാസം പ്രവേശനം ലഭിക്കും വിധമാണ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിശാലമായ ലൈബ്രറിയും, കുട്ടികളുടെ മാനസികാരോഗ്യം ലക്ഷ്യമാക്കി സ്ഥിരം കൗണ്‍സിലറുടെ സേവനം, എന്‍.എസ്.എസ് യൂനിറ്റുകള്‍, കലാ, കായിക പ്രതിഭകള്‍ക്കുള്ള പരിശീലന പരിപാടികള്‍ എന്നിവയും സ്‌കൂളിന്റെ പ്രധാന ആകര്‍ഷണീയതയാണ്.
എല്ലാ ക്ലാസ് മുറികളിലും ഇക്കൊല്ലം മുതല്‍ ഹൈടെക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഓരോ ക്ലാസിലും പ്രത്യേകം ലാപ്‌ടോപ്പുകളും പ്രൊജക്ടുകളും സജ്ജീകരിച്ച് ഐഡിയല്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുകയാണ്. വിദ്യാര്‍ഥികളിലെ ശാസ്ത്രാഭിരുചി പരമാവധി പ്രയോജനപ്പെടുത്തി പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് വഴിയൊരുക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'അടല്‍ ട്വിങ്കര്‍ ലാബ്' ലഭിച്ചിട്ടുള്ള ഐ.എച്ച്.ആര്‍.ഡി സ്‌കൂളാണ് കപ്രശ്ശേരി.
11 സ്‌കൂളുകളില്‍ മാത്രമാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. ഇക്കൊല്ലം മുതല്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് (എസ്.പി.സി) യൂനിറ്റും പ്രവര്‍ത്തനമാരംഭിക്കും. അതിനുള്ള നടപടി പൂര്‍ത്തിയായിക്കഴിഞ്ഞു. വിദ്യാര്‍ഥികളുടെ യാത്ര സൗകര്യത്തിന്നായി ഇന്നസെന്റ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച ബസ് സര്‍വ്വീസും ഇക്കൊല്ലം മുതല്‍ ആരംഭിക്കാന്‍ നടപടി പൂര്‍ത്തിയായി. കലാകായിക മത്സരങ്ങള്‍ക്കായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയില്‍ (സിയാല്‍) നിന്നും വിപുലമായ ഗ്രൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഉയര്‍ന്ന തലങ്ങളിലുള്ളവരടക്കം സ്‌കൂളിന്റെ വികസനത്തിനായി രക്ഷാകര്‍തൃ സമിതിയും 35 അധ്യാപകരും മുന്‍ നിര പ്രവര്‍ത്തനരംഗത്തുണ്ട്.
കേന്ദ്ര, സംസ്ഥാന,സര്‍ക്കാര്‍ പദ്ധതികളും, എം.പി, എം.എല്‍.എമാരുടെ പ്രത്വേക പദ്ധതികളും സ്‌കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് താങ്ങാവുകയാണ്. പൊതു വിദ്യഭ്യാസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ കപ്രശ്ശേരി ഐ.എച്ച്.ആര്‍.ഡി.യും പഴയ പ്രതാപം വീണ്ടെടുത്ത് നിലനിര്‍ത്താന്‍ ആകര്‍ഷണീയമായ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."