അനന്തു വധം: ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖ് മുഖ്യപ്രതി
ചേര്‍ത്തല: പ്ലസ്ടു വിദ്യാര്‍ഥി അനന്തു അശോക് (17) കൊല്ലപ്പെട്ട കേസില്‍ ആര്‍.എസ്.എസ് ശാരീരിക് ശിക്ഷക് പ്രമുഖും കേസിലെ ഒന്നാംപ്രതിയുമായ ശ്രീക്കുട്ടന്‍ മുഖ്യ ആസൂത്രകന്‍.
കൊലപാതകം മൃഗീയവും ആസൂത്രിതവുമാണെന്നും പ്രതികളില്‍ ഭൂരിഭാഗംപേരും ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നും പൊലിസ് പറഞ്ഞു. പ്രതികളെല്ലാം വയലാറുകാരാണ്. ആര്‍.എസ്.എസ് വയലാര്‍ മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖ് തൈവീട്ടില്‍ ആര്‍ ശ്രീക്കുട്ടന്‍(23) ആണ് ഒന്നാംപ്രതി. രണ്ടാംപ്രതി ബാലമുരളി ഒളിവിലാണ്. വിഷ്ണു നിവാസില്‍ എം ഹരികൃഷ്ണന്‍(23), ചക്കുവെളി വീട്ടില്‍ യു സംഗീത്(കണ്ണന്‍-19), വേന്തമ്പില്‍ വീട്ടില്‍ എം മിഥുന്‍(19), കുറുപ്പന്തോടത്ത് എസ് അനന്തു(20), ഐക്കരവെളി ഡി ദീപക്(23), പുതിയേക്കല്‍ വീട്ടില്‍ ആര്‍ രാഹുല്‍(മനു-20), ചക്കുവെളി യു ഉണ്ണികൃഷ്ണന്‍(22),പാറേഴത്ത് നികര്‍ത്തില്‍ അതുല്‍ സുഖാര്‍നോ(19)എന്നിവരാണ് പിടിയിലായത്.
മാരകായുധങ്ങളൊന്നും ഇല്ലാതെയാണ് പ്രതികള്‍ സംഭവസ്ഥലത്ത് എത്തിയതെന്ന് ചേര്‍ത്തല ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് വയലാര്‍ വരേകാട് കൊല്ലപ്പള്ളി ക്ഷേത്രോത്സവത്തിനിടെ അനന്തുവിനെ അക്രമിക്കാന്‍ ശ്രമിച്ചു. കൊലപാതകം നടന്നദിവസം രാവിലെ പ്രതികളില്‍ ഏതാനുംപേര്‍ ബൈക്കില്‍ അനന്തുവിന്റെ വീടിന് സമീപത്തെത്തി പരതിയെങ്കിലും ലക്ഷ്യം സാധ്യമായില്ല. തുടര്‍ന്നാണ് വയലാര്‍ നീലിമംഗലം ക്ഷേത്രോത്സവ സ്ഥലത്ത് ആക്രമണത്തിന് പദ്ധതിയിട്ടത്. ക്ഷേത്രോത്സവത്തിന് എത്തിയ അനന്തുവിനെയും കൂട്ടുകാരെയും വളയുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളെ അക്രമികള്‍ ആദ്യം പിടികൂടി. ഇവനല്ല ആളെന്ന് പറഞ്ഞ് അയാളെ വിട്ടയച്ചു. ഇതോടെ അനന്തു ഒഴികെയുള്ളവര്‍ ഓടിരക്ഷപ്പെട്ടു. തനിച്ചായ അനന്തുവിനെ പിടികൂടി എല്ലാവരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. കൂട്ടം ചേര്‍ന്ന് ചവിട്ടിയും അടിച്ചും ഇടിച്ചുമാണ് കൊന്നതെന്ന് ഡിവൈ.എസ്.പി പറഞ്ഞു. സംഭവസ്ഥലത്ത് ബൈക്കുകളിലാണ് പ്രതികളെത്തിയത്.
ഒരുബൈക്കില്‍ നാലാള്‍വരെയാണ് സഞ്ചരിച്ചത്. അനന്തുവിനെത്തേടി രാവിലെ വീടിനടുത്ത് എത്തിയവരെയും രാത്രി നീലിമംഗലം ക്ഷേത്രത്തിലെത്തിയപ്പോള്‍ താവളത്തിലെത്തിക്കാന്‍ അക്രമികള്‍ പറഞ്ഞയച്ച ദൂതനെയും സംബന്ധിച്ച വിവരം ലഭിച്ചതും അന്വേഷണത്തില്‍ പ്രധാനമായി. അനന്തുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാര്‍ അക്രമികളില്‍ കുറേപ്പേരെ തിരിച്ചറിഞ്ഞതും അന്വേഷണത്തിന് സഹായകമായി. വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി മോഹന്‍ലാല്‍, എസ്.ഐ.സി.സി പ്രതാപചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."