നിപ വൈറസ് വ്യാജ പ്രചാരണം റമ്പുട്ടാന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായി
കോതമംഗലം: നിപവൈറസിന്റെ വ്യാജ പ്രചരണത്തില്‍ ദുരിതത്തിലായത് കോതമംഗലത്തെ റമ്പുട്ടാന്‍ കര്‍ഷകര്‍. വവ്വാലുകള്‍ പഴങ്ങളില്‍ ചെന്ന് നിപ വൈറസ് പരത്തുന്നുവെന്ന നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണം സംസ്ഥാനത്തെ പഴ വിപണിയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. റമ്പൂട്ടാനും മാങ്കോസ്റ്റിനും വിളവെടുക്കുന്നത് ജൂണ്‍, ജൂലൈ മാസങ്ങളിലാണ്. നിപ വൈറസ് പ്രചാരണം ശക്തമായതോടെ റമ്പൂട്ടാന്റെ വില നാലിലൊന്നായി കുറഞ്ഞു. റമ്പൂട്ടാന്‍, മാംഗോസ്റ്റിന്‍ വാണിജ്യ അടിസ്ഥാനത്തിന്‍ ഏക്കര്‍ കണക്കിന് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കോതമംഗലത്തെ കര്‍ഷകര്‍ക്ക് ഇത് വലിയ തിരിച്ചടിയായി. പഴങ്ങളുടെ ഗുണമേന്മ കുറച്ച് കനത്ത മഴയും വന്നെത്തിയത് കര്‍ഷകര്‍ക്ക് ഇരുട്ടടിയാകുകയും ചെയ്തു. കിലോക്ക് 250 മുതല്‍ 300 രൂപ ലഭിക്കാറുള്ള ഇവ ഇപ്പോള്‍ 60 മുതല്‍ 80 രൂപക്ക് വിറ്റഴിക്കേണ്ട അവസ്ഥയാണ്. പതിറ്റാണ്ടുകളായി കര്‍ഷകര്‍ ഇവ നട്ടുവളര്‍ത്തുന്നുണ്ടെങ്കിലും വാണിജ്യ സാധ്യത തെളിഞ്ഞത് അടുത്ത കാലത്ത് മാത്രമാണ്. ഡെങ്കിപനി ബാധിതരുടെ രക്തത്തിലൈ കൗണ്ട് വര്‍ധിപ്പിക്കാന്‍ ഈ പഴങ്ങള്‍ക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് വിപണിയില്‍ വില ഉയര്‍ന്നതോടെ കോതമംഗലം പ്രദേശത്തെ ചില കര്‍ഷകര്‍ വാഴയും ജാതിയും തെങ്ങും മാറ്റി മാങ്കോസ്റ്റിനും റമ്പൂട്ടാനും ഇടവിള കൃഷിയായി ചെയ്യുകയായിരുന്നു.
രുചികരമായ പഴങ്ങളില്‍ ഒന്നാണ് റംബൂട്ടാന്‍. കേരളത്തില്‍ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള റംബൂട്ടാന്‍ പഴങ്ങളാണ് കൃഷി ചെയ്യുന്നത്. മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവടങ്ങളിലും റംബൂട്ടാന്‍ കൃഷി ചെയ്യുന്നു. ലിച്ചി, ലോഗന്‍ എന്നിവയോട് സാദൃശ്യമുള്ള പഴ വര്‍ഗമാണ് റംബൂട്ടാന്‍. ഇന്‍ഡോ ഏഷ്യയിലെ മലയില്‍ ഭാഷയിലെ റംബൂട്ട് എന്ന വാക്കില്‍ നിന്നാണ് റംബൂട്ടാന്‍ എന്ന പേര് ഉണ്ടായത്. ഇവിടുത്തെ ഭാഷയില്‍ റംമ്പൂട്ട് എന്ന് പറഞ്ഞാല്‍ മുടി, രോമം എന്നാണ് അര്‍ഥം . പുറന്തോടില്‍ നാരുകള്‍ കണുന്നത് കൊണ്ടാണ് ഇത്തരത്തില്‍ പേര് വരാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."