കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്ക്
രാജാക്കാട്: പൂപ്പാറയ്ക്ക് സമീപം എസ്. വളവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് പരുക്കേറ്റു. ആനയിറങ്കല്‍ ശങ്കരപാണ്ടിമെട്ടില്‍ താമസക്കാരനായ തമിഴ്‌നാട് സ്വദേശി അങ്കമുത്തുവിനാണ് (50) തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റത്. തോളെല്ല് പൊട്ടിയ ഇയാളെ രാജകുമാരി സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി.
ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലെ എസ് വളവ് ഭാഗത്തെ ഏലത്തോട്ടത്തില്‍ ഏലത്തിന് മണ്ണിടുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണമുണ്ടായത്. തോള്‍ഭാഗത്ത് അടിയേറ്റ അങ്കമുത്തു സമീപത്തെ തോട്ടിലേയ്ക്ക് മറിഞ്ഞു വീണു. ആനയുടെ ദൃഷ്ടിയില്‍ നിന്ന് മറഞ്ഞതിനാല്‍ രക്ഷപ്പെടുകയുമായിരുന്നു. വനംവകുപ്പ് വാച്ചര്‍മാര്‍ ബഹളം വച്ചതോടെ ആന ഹൈവേ മുറിച്ചുകടന്ന് എതിര്‍വശത്തേയ്ക്ക് പോയി.
സംഭവമറിഞ്ഞ് ആശുപത്രിയില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരുക്കേറ്റയാളെ സമാധാനിപ്പിക്കുന്നതിനു പകരം ആനയുള്ള കാട്ടില്‍ എന്തിനാണ് ജോലിക്കു പോയതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ബുധനാഴ്ച വൈകിട്ട് മുതല്‍ ആനക്കൂട്ടം സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം എസ്.എം.എസ് അലര്‍ട്ട് മുഖേന നാട്ടുകാരെ അറിയിച്ചിരുന്നു. ഇതിനുപുറമെ വാച്ചര്‍മാരുടെ സംഘം ആനക്കൂട്ടത്തെ പിന്‍തുടരുകയും തോട്ടം പണിക്കാര്‍ക്കും യാത്രക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആനക്കൂട്ടം ഇറങ്ങിയത് അറിഞ്ഞിട്ടും കാലിന് സ്വാധീനക്കുറവുള്ള അങ്കമുത്തു തനിച്ച് ജോലിക്ക് എത്തിയത് എന്തിനാണെന്ന് തിരക്കുക മാത്രമാണ് ചെയ്തതെന്ന് ബോഡിമെട്ട് ഫോറസ്റ്റര്‍ ദിലീപ് ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."