ശ്രീകൃഷ്ണപുരം ബ്ലോക്ക് ക്ഷീരോത്സവം വാഴേമ്പുറത്ത്
ശ്രീകൃഷ്ണപുരം: ബ്ലോക്ക് ക്ഷീരോത്സവം കാരാകുര്‍ശി ഗ്രാമപഞ്ചായത്തിലെ വാഴേമ്പുറം ക്ഷീരസംഘത്തിന്റെ നേതൃത്വത്തില്‍ വാഴേമ്പുറത്ത് വച്ച് ജൂണ്‍ 28, 29 തിയ്യതികളില്‍ നടത്തും.
ബ്ലോക്കിലെ 27 ക്ഷീരസംഘങ്ങളില്‍ നിന്നായി ആയിരത്തോളം ക്ഷീരകര്‍ഷകര്‍ പങ്കെടുക്കുന്ന ദ്വിദിന ക്ഷീരകര്‍ഷക സംഗമം വിജയിപ്പിക്കുന്നതിനായി കെ. മജീദ് ചെയര്‍മാനും നാരായണന്‍കുട്ടി കണ്‍വീനറുമായുള്ള 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ആലോചന യോഗം പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കെ. മജീദ് അധ്യക്ഷനായി. ഗിരിജ, നാരായണന്‍കുട്ടി, ബിജു ജോസ് സംസാരിച്ചു.
അനുബന്ധ പരിപാടികളായി ആറിടത്ത് വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ച് ആറു പരിപാടികള്‍ സംഘടിപ്പിക്കും. ഇന്ന് കടമ്പഴിപ്പുറം വനിതാ ക്ഷീരോല്‍പാദക സംഘത്തിന്റെ നേതൃത്വത്തില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന സ്ത്രീ ശാക്തീകരണം ക്ഷീര കാര്‍ഷിക മേഖലയില്‍ എന്ന വിഷയത്തെ അധികരിച്ച് സെമിനാര്‍ നടക്കും.
സെമിനാര്‍ ഉദ്ഘാടനം പി. അരവിന്ദാക്ഷന്‍ നിര്‍വഹിക്കും. കെ. അംബുജാക്ഷി അധ്യക്ഷയാകും.
കെ. മോഹനന്‍ ക്ലാസെടുക്കും. കാട്ടുകുളം സംഘം നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള ക്ഷീര കാര്‍ഷിക ക്വിസ് 21 ന് കാട്ടുകുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
20ന് കുന്നക്കാട് സംഘം നേതൃത്വത്തില്‍ 10 മണിക്ക് ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും 23 ന് പത്തു മണിക്ക് കാറല്‍മണ സംഘം നേതൃത്വത്തില്‍ കാറല്‍മണയില്‍ വച്ച് ക്ഷീര കര്‍ഷിക മേഖലയിലെ വൈവിധ്യവല്‍ക്കരണ സാധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാറും നടക്കും.
25 ന് കാലത്ത് 10 മണിക്ക് ശ്രീകൃഷ്ണപുരം ബ്ലോക്ക് ഹാളില്‍ വിവിധ സംഘങ്ങളുടെ നേതൃത്വത്തില്‍ ക്ഷീരമേഖലയില്‍ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ എന്ന വിഷയത്തിലും 26ന് രാവിലെ പത്തു മണിക്ക് കുറുവട്ടൂര്‍ സംഘം നേതൃത്വത്തില്‍ വെള്ളിനേഴിയില്‍ വച്ച് പാലുല്‍പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട ശില്‍പശാലയും നടക്കും.
28 ന് കന്നുകാലി പ്രദര്‍ശനം,ക്വിസ് എന്നിവയും 29 ന് സമാപന സമ്മേളനവും നടക്കും. സമാപനം കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസ് ഉദ്ഘാടനം ചെയ്യും. മികച്ച ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."