ജനമൈത്രി സുരക്ഷാ സമിതി 'മുഖാമുഖം' സംഘടിപ്പിച്ചു
പാലക്കയം : മക്കളുടെ ശക്തിയും പ്രതീക്ഷയും മാതാപിതാക്കളായിരിക്കണമെന്നും അവരോടൊപ്പം ഇരിക്കാനും മനസ്സ് തുറക്കാനും വീക്ഷണങ്ങളും നിലപാടുകളും പങ്കുവെക്കാനും പരസ്പരം അവസരം ഉണ്ടായിരിക്കണമെന്നും ജനമൈത്രി സി ആര്‍ ഒ രാജ്‌നാരായണന്‍ പറഞ്ഞു.
പാലക്കയം കാര്‍മല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ജനമൈത്രി സുരക്ഷാ സമിതി സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രക്ഷാകര്‍തൃത്വം എന്ത് എന്ന് യുക്തിപൂര്‍വം മനസിലാക്കേണ്ടതും അത് പ്രാവര്‍ത്തികമാക്കേണ്ടതും ആധുനികയുഗത്തിന്റെ ആവശ്യമാണ്.
സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ മദ്യത്തിനും മയക്കു മരുന്നിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും വഴിമാറുന്നതിലും പഠനത്തില്‍ പിന്നോട്ട് പോകുന്നതിലും കുടുംബാന്തരീക്ഷത്തിനുകൂടി പങ്കുണ്ട്.
കാലത്തിനും കുട്ടികള്‍ക്കും സംഭവിച്ച മാറ്റത്തെക്കുറിച്ച് പരിതപിക്കുമ്പോള്‍ രക്ഷിതാക്കളായ നമുക്ക് സംഭവിച്ച മാറ്റം നാം അറിയാതെ പോകുന്നു.
മാറിയ രക്ഷാകര്‍തൃത്വത്തിന്റെ ബാക്കിപത്രമാണ് മാറിയ തലമുറ.അവരുടെ ജീവിതവിജയം വളര്‍ന്നുവരുന്ന സാഹചര്യത്തെയും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിറ്റില്‍ഫ്‌ലവര്‍,ജനമൈത്രി പ്രസിഡന്റ് സമദ് കല്ലടിക്കോട്,സിസ്റ്റര്‍ മേഴ്‌സിന,സിവില്‍ പൊലിസ് ഓഫിസര്‍ പ്രവീണ്‍,പി. തോമസ്,സോണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."