വാടക ചോദിക്കരുതെന്ന് പറഞ്ഞ സര്‍ക്കാര്‍ കെട്ടിട നികുതി പിരിക്കുന്നു അതിജീവനം അസാധ്യമാകും
കല്‍പ്പറ്റ: ലോക്ക് ഡൗണില്‍ വരുമാനങ്ങളെല്ലാം നിലച്ച കെട്ടിട ഉടമകളോട് കെട്ടിട നികുതി ഒടുക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍.
മെയ് അഞ്ചിനുള്ളില്‍ കെട്ടിട നികുതി ഒടുക്കിയില്ലെങ്കില്‍ ഭീമമായ തുക പിഴയായി നല്‍കേണ്ടി വരുമെന്നാണ് ഉടമകളോട് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒപ്പം കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.ലോക്ക് ഡൗണില്‍ വഴിമുട്ടിയ വ്യാപാരികളോട് രണ്ട് മാസത്തെ വാടക ചോദിക്കരുതെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ തന്നെയാണ് കെട്ടിട ഉടമകളെ ദുരിതത്തിലാക്കുന്ന പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയതെന്നത് ഉടമകള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
പല കെട്ടിടങ്ങളും കഴിഞ്ഞ ലോക്ക് ഡൗണ്‍ ദിനങ്ങളിലെല്ലാം പൂര്‍ണമായും അടഞ്ഞു കിടന്നതാണ്. ഇക്കാരണത്താല്‍ തന്നെ ഇവിടങ്ങളില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ക്ക് വാടകയിനത്തില്‍ ഒന്നും തന്നെ ഉടമകള്‍ക്ക് നല്‍കാന്‍ സാധിച്ചിരുന്നില്ല.
മാത്രമല്ല, വാടക ചോദിക്കരുതെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ശിരസാവഹിച്ച് ഉടമകളില്‍ ഭൂരിഭാഗം പേരും വ്യാപാരികളോട് ഇക്കാലയളവിലെ വാടകയും ചോദിച്ചിരുന്നില്ല. മറ്റുള്ളവരെ പോലെ തന്നെ ഈ ഘട്ടത്തില്‍ കെട്ടിട ഉടമകളും വരുമാനങ്ങള്‍ നിലച്ചതോടെ പ്രതിസന്ധിയിലേക്ക് വഴുതിവീണിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്തരത്തില്‍ ചോദ്യചിഹ്നമായി കെട്ടിട ഉടമകളുടെ മുന്നില്‍ നില്‍ക്കുമ്പോഴാണ് അവരെ സഹായിക്കേണ്ട സര്‍ക്കാര്‍ തന്നെ കെട്ടിട നികുതി മെയ് അഞ്ചോടെ അടച്ചു തീര്‍ക്കണമെന്ന കട്ടായവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഉടമകള്‍ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ വേണമെങ്കില്‍ രണ്ട് ഗഡുക്കളായി നികുതി ഒടുക്കാമെന്നും അതിന് 28 ശതമാനം പിഴകൂടി ഒടുക്കേണ്ടി വരുമെന്നുമാണ് അവര്‍ നല്‍കിയ മറുപടി.
ഒപ്പം വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് മുഴുവന്‍ തുകയും അടക്കാതെ പുതുക്കി നല്‍കില്ലെന്നും ഉദ്യോഗസ്ഥര്‍ കെട്ടിട ഉടമകളോട് പറയുന്നു. ഇത് സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച് രണ്ട് മാസത്തെ വാടക മുഴുവന്‍ ഒഴിവാക്കി നല്‍കിയ തങ്ങളോട് ചെയ്യുന്ന അനീതിയാണെന്നാണ് കെട്ടിട ഉടമകളുടെ വാദം.
പണം അടയ്ക്കാന്‍ തങ്ങള്‍ തയാറാണെന്നാണ് ഇവര്‍ പറയുന്നത്. അതിന് തങ്ങള്‍ക്ക് പിഴയില്ലാതെ മൂന്നോ നാലോ ഗഡുക്കളായോ, മൂന്ന് മാസത്തെ സാവകാശമോ ആവശ്യമാണെന്നും ഉടമകള്‍ പറയുന്നു.
ഒപ്പം തങ്ങളുടെ കെട്ടിടങ്ങളിലെ സ്ഥാപനങ്ങളുടെ ലൈസന്‍സ് നികുതിയുടെ പേരുപറഞ്ഞ് തടഞ്ഞുവയ്ക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് വിഷയത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെട്ടിട ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."