പ്ലൈവുഡ് കമ്പനി ഉടമക്കും ജീവനക്കാര്‍ക്കുമെതിരേ എ.ഐ.ടി.യു.സി ആക്രമണം
മൂവാറ്റുപുഴ:മുളവൂര്‍ കുന്നത്താന്‍ പ്ലൈവുഡ് കമ്പനി ഉടമക്കും ജീവനക്കാര്‍ക്കുമെതിരെ എ.ഐ.ടി.യു.സി തൊഴിലാളികളുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഉടമ കുന്നത്താന്‍ കോയാ(59) നെയും അക്കൗണ്ട്‌സ് ജീവനക്കാരന്‍ ഷമീര്‍, എന്നിവരെ കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സുബിന്‍, ജിഷാദ്, എന്നിവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എ.ഐ.ടി.യു.സി പ്രവര്‍ത്തകരായ അഷറഫ്, ബിനൂപ്, നവാസ് എന്നിവരെയും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉടമ കോയാന്റെ വലതുകര്‍ണപടത്തിന് കേടുപറ്റി. ഷമീറിന് കണ്ണിനാണ് പരിക്ക്. മൂവാറ്റുപുഴ ജനറല്‍ ആസ്പത്രിയില്‍ പ്രാഥമിക ചികിത്സക്കുശേഷം ഇവരെ കോലഞ്ചേരി ആശുപത്രിയിലേക്കുമാറ്റുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു തൊഴിലാളികളുടെ ആക്രമണം. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുമുന്നിലും ഇരുവിഭാഗവും ഏറ്റുമുട്ടി. ഉന്തിലും തള്ളിലും ഒരു പൊലിസുകാരനും പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
ഒരു മാസമായി കമ്പനിയില്‍ കയറ്റിറക്ക് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തില്‍ സമരം നടക്കുന്നുണ്ട്. വെള്ളിയാഴ്ച കമ്പനിയിലേക്ക് സാധനങ്ങളുമായി വന്ന ഏതാനും ലോറികള്‍ പ്രവര്‍ത്തകര്‍ തിരിച്ചയക്കുകയും ചെയ്തു. കമ്പനിയിലേക്കുള്ള വഴി വാഹനം പോകാതിരിക്കാന്‍ കല്ലിട്ട് തടസ്സപ്പെടുത്തിയിരുന്നു. പൊടിശല്യം ആരോപിച്ച് സമീപത്തെ വീട്ടുകാരാണ് കല്ലിട്ട് തടസ്സപ്പെടുത്തിയതെന്നാണ എ.ഐ.ടി.യു.സി നേതാക്കള്‍ പറയുന്നത്. ഇതിനിടെ കാറിലെത്തിയ ഉടമ മാര്‍ഗ്ഗതടസം സൃഷ്ടിച്ചത് ചോദ്യം ചെയ്യുകയും ഈ സമയം ലോഡുമായി എത്തിയ ലോറിഡ്രൈവറും ചേര്‍ന്ന് കല്ലുകള്‍ നീക്കം ചെയ്യവെ പരിസരത്തുണ്ടായിരുന്ന എ.ഐ.ടി.യു.സി പ്രവര്‍ത്തകരെത്തുകയും ഒരാള്‍ ഉടമ കോയാനെ ഇടിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് എത്തിയ കമ്പനി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. എ.ഐ.ടി.യു.സി പ്രവര്‍ത്തകന്‍ ബിനുപിനും ഇടിയേറ്റു. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപ്പെട്ട് എ.ഐ.ടി.യു.സി തൊഴിലാളികളെ പൊലിസ് ജീപ്പില്‍കയറ്റി ജനറള്‍ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ കമ്പനി ഉടമയെയും ജീവനക്കാരെയും ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തങ്ങളെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് ഇരു വിഭാഗവും ആരോപിക്കുന്നു. കമ്പനി കവാടത്തില്‍ സത്യാഗ്രഹമിരിക്കുന്നതിനു പുറമെ ബുധനാഴ്ച വൈകിട്ട് എ.ഐ.ടി.യു.സി തൊഴിലാളികള്‍ കമ്പനിയിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. കയറ്റിയിറക്ക് ജോലി ലഭിച്ചില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് നേതാക്കളുടെ ഭീഷണി ഉയര്‍ത്തുകയും പ്രശന പരിഹാരത്തിന് രണ്ടുദിവസം അവധി നല്‍കുന്നതായും പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."