മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം: കെ.എസ്.യു
കൊച്ചി: ജിഷ്ണുവിന്റെ മാതാവ് മഹിജയെ മര്‍ദിച്ച പൊലിസ് നടപടിയില്‍ പ്രതിഷേധിച്ചു കെ.എസ്.യു സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു ക്ലിഫ് ഹൗസിലേക്കു മാര്‍ച്ച് നടത്തും. രാവിലെ പതിനൊന്നിനാണു മാര്‍ച്ച്.
ജിഷ്ണുവിന്റെ മാതാവിനെ മര്‍ദിച്ച പൊലിസിനെ ഭരിക്കുന്ന മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. ഡി.ജി.പിയെ സ്ഥാനത്തു നിന്നു പുറത്താക്കണം, അനന്തു അശോകനെ മര്‍ദിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തുന്നതെന്നു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞിട്ടും പ്രതികളെ പിടിക്കാന്‍ പൊലിസിനു കഴിയുന്നില്ല. ബി.ജെ.പിക്കാര്‍ നിരവധി പേരെ കൊന്നൊടുക്കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ല. പിണറായിയിലെ പൊലിസ് സ്റ്റേഷനില്‍ നിന്നുപോലും ബി.ജെ.പിക്കാര്‍ പ്രതികളെ ഇറക്കികൊണ്ടുപോകുന്നു.
ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് കുമ്മനമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നതെന്നും അഭിജിത്ത് പറഞ്ഞു. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന് മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."