ഹൈടെക്കാവാനൊരുങ്ങി ചാത്തമറ്റം സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍; ഹാബിറ്റാറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റില്‍ മൂന്ന് കോടി രൂപ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാത്തമറ്റം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച നിര്‍വ്വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ് ഉദ്യോഗസ്ഥരെത്തി.
എല്‍ദോ എബ്രഹാം എംഎല്‍എ, ഹാബിറ്റാറ്റ് സെക്രട്ടറിയും പ്രൊജക്ട് ഡയറക്ടറുമായ പി.വിനോദ്, പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുരേഷ്, വൈസ് പ്രസിഡന്റ് ജാന്‍സി ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സെബാസ്റ്റ്യന്‍ പറമ്പില്‍, പഞ്ചായത്ത് മെമ്പര്‍മാരായ സന്തോഷ് കുമാര്‍, ജാന്‍സി ബിജു, പ്രിന്‍സിപ്പാള്‍ ഹരി പ്രസാദ്, പി.ടി.എ പ്രസിഡന്റ് മാത്യൂ വേങ്ങച്ചുവട്ടില്‍, അധ്യാപകര്‍, പി.ടി.എ.ഭാരവാഹികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. സ്‌കൂള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടങ്ങളെല്ലാം ബലപ്പെടുത്തുകയും മനോഹരമാക്കുകയും ചെയ്യും.
ക്ലാസ് മുറികളെല്ലാം സ്മാര്‍ട്ട് ക്ലാസ്‌റൂമാക്കി മാറ്റും. ഇവിടെ ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കും. ഹൈടെക് ലാബുകള്‍, ലൈബ്രററികളും സജ്ജീകരിക്കും. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സ്‌കൂള്‍ ഗ്രൗണ്ടും നവീകരിക്കും, ഇതിന് പുറമെ മാലിന്യ സംസ്‌കരണ പ്ലാന്റും സജ്ജമാക്കും.
ആധുനിക രീതിയിലുള്ള പാചകപ്പുരയും ഒരുക്കും. കുട്ടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍, കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങളും വില്‍ക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വ്യവസായ കേന്ദ്രവും നിര്‍മിക്കും. സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിനോട് കടപിടിക്കുന്ന രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് സ്‌കൂളില്‍ നടക്കുന്നത്.
68 വര്‍ഷം മുമ്പ് സ്ഥാപിതമായ സ്‌കൂള്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്.രണ്ടര ഏക്കറോളം സ്ഥലം സ്വന്തമായിട്ടുള്ള സ്‌കൂളില്‍ 400ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് കോടി രൂപയ്ക്ക് പുറമേ പി.ടി.എ, അലുംമിനി അസോസിയേഷന്‍ വിവിധ സന്നദ്ധ സംഘടനകള്‍ എന്നിവരില്‍ നിന്നും സ്വരൂപിക്കുന്ന തുകയും സ്‌കൂളിനായി വിനിയോഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."