കാസര്‍കോട് ജനറല്‍ ആശുപത്രി: ലിഫ്റ്റ് നന്നാക്കിയില്ല: മൃതദേഹം വീണ്ടും ചുമന്നിറക്കി
കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒന്നര മാസം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല. ഇതേതുടര്‍ന്ന് ചികിത്സക്കിടെ മരിച്ച രോഗിയുടെ മൃതദേഹം ബന്ധുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ചുമന്നു താഴെ എത്തിച്ചു. ഇന്നലെ രാവിലെയാണ് എച്ച്.ഐ.വി ബാധിതന് ആശുപത്രിയില്‍ മരിച്ചത്. ഏതാനും ദിവസം മുന്‍പാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുദിവസം മുന്‍പ് രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ആശുപത്രിയിലെ മുകള്‍നിലയിലുള്ള തീവ്രപരിചരണ വിഭാഗത്തില്‍ ഇയാളെ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതില്‍ അധികൃതര്‍ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ രോഗികളും കൂട്ടിരിപ്പുകാരും പൊതുപ്രവര്‍ത്തകരുമടക്കം അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
ലിഫ്റ്റ് തകരാറിലായതിനാല്‍ അത്യാസന്ന നിലയിലുള്ള രോഗികളെ മുകള്‍നിലയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിക്കാനും മരിച്ചവരുടെ മൃതദേഹം താഴെഎത്തിക്കാനും ജീവനക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."