ആശങ്കകള്‍ക്ക് വിരാമം; കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം പുനരാരംഭിച്ചു
ചാലക്കുടി: ആശങ്കകള്‍ക്ക് അറുതി വരുത്തി കോടതി ജങ്ഷനിലെ അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചു. മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. നിര്‍മാണത്തിനാവശ്യമായ യന്ത്രസാമഗ്രികളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
യുണീക് ആന്‍ഡ് ഭാരതീയ കമ്പനിയാണ് ഇപ്പോള്‍ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ആറ് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. സ്ട്രച്ചറല്‍ പ്രവൃത്തികള്‍ക്ക് മാത്രമായി എട്ട് കോടിയോളം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാനുള്ള സ്ഥലം ലഭ്യമല്ലാതായതാണ് പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നേരിട്ട പ്രതിസന്ധി. നിര്‍മാണം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാന്‍ അനുമതി തേടിയെങ്കിലും ഉടമ അനുമതി നല്‍കിയില്ല. തുടര്‍ന്ന് കോസ്‌മോസ് ക്ലബിന് സമീപം ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.
നിലവില്‍ കോടതിക്ക് സമീപമുള്ള റവന്യൂ വകുപ്പിന്റ സ്ഥലത്താണ് കമ്പിയുള്‍പ്പെടെയുള്ളവ സൂക്ഷിച്ചിരുന്നത്. നാലുവരിപ്പാത മുറിച്ച് കടന്ന് സാമഗ്രികള്‍ നിര്‍മാണ സ്ഥലത്തേക്ക് കൊണ്ടുവരുന്നത് സമയം നഷ്ടം സംഭവിക്കുമെന്നതിനാലാണ് പ്രവൃത്തികള്‍ നടക്കുന്നതിന് സമീപം സാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്ഥലം അന്വേഷിച്ചത്. ഇതേ തുടര്‍ന്നാണ് കോസ്‌മോസ് ക്ലബിന് സമീപം നഗരസഭയുടെ സ്ഥലത്ത് സാമഗ്രികള്‍ സൂക്ഷിക്കാന്‍ സ്ഥലമൊരുക്കുന്നത്. ഇവിടെ നിന്നും സാമഗ്രികള്‍ സര്‍വിസ് റോഡ് മാര്‍ഗം നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സ്ഥലത്തേക്ക് എളുപ്പത്തില്‍ എത്തിക്കാനാകും.
വെള്ളത്തിന്റെ സൗകര്യത്തിനായി കോടതിക്ക് സമീപമുള്ള റവന്യൂ വകുപ്പ് സ്ഥലത്ത് കുഴല്‍കിണര്‍ കുഴിച്ചിട്ടുണ്ട്. 250 ദിവസം കൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ മാര്‍ച്ച് 18ന് നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു.
എന്നാല്‍ പദ്ധതി തുടക്കത്തിലേ തന്നെ താളംതെറ്റി. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണ ചുമതല. ഇവര്‍ നിര്‍മാണ ജോലികള്‍ ഉപകരാറുകാരെ ഏല്‍പിക്കുകയായിരുന്നു. കമ്പനിയും ഉപകരാറുകാരും തമ്മിലുണ്ടായ തര്‍ക്കമാണ് പദ്ധതി നിലയ്ക്കാന്‍ കാരണമായത്.
കുഴികളില്‍ കമ്പികള്‍ പാകിയതൊഴിച്ചാല്‍ മറ്റൊരു പ്രവൃത്തികളും ഇവിടെ നടന്നിട്ടില്ല. പ്രവൃത്തികള്‍ ആരംഭിച്ചപ്പോള്‍ സര്‍വിസ് റോഡിലെ ഗതാഗതം നിര്‍ത്തിവച്ചു. ദേശീയപാതയിലെ ഗതാഗതം ഒരുവരിയാക്കി നിയന്ത്രിച്ചിരിക്കുകയാണ്. ചാലക്കുടി, മാള റോഡിലെ സിഗ്‌നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മിക്കുന്നത്.
നാലുവരിപ്പാത പ്രാബല്യത്തില്‍ വന്നകാലം മുതലെ മുനിസിപ്പല്‍ ജങ്ഷനില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറി. ഇതേ തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനം മാറ്റി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."