ഇരുളടഞ്ഞാല്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തില്‍ യാത്രക്കാര്‍ക്ക് ദുരിതം
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിലെത്തുന്ന യാത്രക്കാര്‍ കൈയിലൊരു ടോര്‍ച്ചുകൂടി കരുതുന്നത് നന്നായിരിക്കും. തെരുവുനായ്ക്കളോ മറ്റു ഇഴജന്തുക്കളോ കടിക്കാതെ ട്രെയിനില്‍ കയറണമെങ്കില്‍ ടോര്‍ച്ച് അത്യാവശ്യമാണെന്ന് ഇവിടെയെത്തുന്ന യാത്രക്കാര്‍ തന്നെ പറയുന്നു. കിഴക്കേ കവാടം റോഡിലെ തെരുവുവിളക്കുകള്‍ കത്താത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. രാത്രിയില്‍ ട്രെയിന്‍ ഇറങ്ങി നിരവധിയാളുകളാണ് ഇതുവഴി നടന്നു പോകുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് മെയിന്‍ റോഡിലേക്ക് 200 മീറ്ററോളം നടക്കാനുണ്ട്. നിലവില്‍ കാല്‍നടയാത്രക്കാരുടെ ഏക ആശ്രയം എതിരേ വരുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണ്. കുട്ടികളും വയോധികരുമായി കുടുംബസമേതം റെയില്‍വേ സ്‌റ്റേഷനിലെത്തുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടിലാകുന്നത്. റെയില്‍വേയുടെ പ്രധാനകവാടം ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടുന്ന സ്ഥിതിയായതിനാല്‍ മിക്ക യാത്രക്കാരും കിഴക്കേ കവാടത്തിലൂടെയാണ് വരുന്നതും പോകുന്നതും. തെരുവുവിളക്കുകള്‍ ഇല്ലാത്തതു കൂടാതെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കന്നുകാലികളും തെരുവുനായ്ക്കളും കിഴക്കേ കവാടത്തില്‍ വിലസുന്നതും യാത്രക്കാര്‍ക്ക് ദുരിതമായിരിക്കുകയാണ്. തെരുവുവിളക്കുകള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."