എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം: എസ്.ഐ രമേഷിനെതിരേ നടപടിക്ക് നിര്‍ദേശം
ചാവക്കാട്: എ.ഐ.എസ്.എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എസ്.ഐക്കെതിരേ കര്‍ശന നടപടിക്ക് ആഭ്യന്തര വകുപ്പിന്റ നിര്‍ദ്ദേശം. മര്‍ദനത്തിനിരയായ വിദ്യാര്‍ഥി സുഹൈല്‍ ഷെരീഫ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.
ആഭ്യന്തര വകുപ്പ് അഡിഷണല്‍ സെക്രട്ടറി തൃശൂര്‍ റെയ്ഞ്ച് ഐ.ജിയോട് ചാവക്കാട് എസ്.ഐയായിരുന്ന രമേഷിനെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളോട് നീചവും മനുഷ്യത്വ രഹിതവുമായ രീതിയില്‍ പ്രവര്‍ത്തിച്ച രമേഷ് ശിക്ഷ അര്‍ഹിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജില്ലാ റൂറല്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് മനപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. 2017 നവംബര്‍ ഒന്നിനാണ് സംഭവം.
സുഹൈലിനേയും സുഹൃത്തുക്കളേയും ചാവക്കാട് എസ്.ഐയായിരുന്ന രമേഷ് അകാരണമായി കസ്റ്റഡിയിലെടുക്കുകയും ക്രൂരമായി മര്‍ദിക്കുകയുമാണുണ്ടായത്. ഗുരുതര പരുക്കേറ്റ ഈ വിദ്യാര്‍ഥികള്‍ ആശുപത്രിയിലായതിനെതുടര്‍ന്ന് എസ്.ഐ രമേഷിനെതിരേ നടപടി ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തില്‍ ചാവക്കാട് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീര്‍, മണലൂര്‍ മണ്ഡലം സെക്രട്ടറി വി.ആര്‍ മനോജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. സമരക്കാര്‍ക്ക് നേരെ പൊലിസ് തോക്കൂചൂണ്ടിയ സംഭവവും ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എസ്.ഐ രമേഷിനെ ചാവക്കാടുനിന്നും സ്ഥലം മാറ്റിയത്.
എസ്.ഐ രമേഷിന് പുറമേ സംഭവത്തില്‍ കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയും വകുപ്പുതല നടപടിയെടുത്ത് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഐ.ജിയോട് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."