മെഡിക്കല്‍ കോളജില്‍ 45 കോടിയുടെ റസിഡന്‍ഷ്യല്‍ ബ്ലോക്ക്
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ 45 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഗസറ്റഡ്-നോണ്‍ ഗസറ്റഡ് ഓഫിസര്‍മാരുടെ റസിഡന്‍ഷ്യല്‍ ബ്ലോക്കിന് അടുത്താഴ്ച സാങ്കേതികാനുമതി ലഭിക്കും. ആശുപത്രിയിലെ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താനായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ വിളിച്ചുചേര്‍ത്ത വകുപ്പുതല പ്രത്യേക യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കോളജിലെ പി.ജി ക്വാര്‍ട്ടേഴ്സിന്റെ പ്രവൃത്തി അടുത്ത വര്‍ഷം മാര്‍ച്ചില്‍ അവസാനിക്കും. ജെറിയാട്രിക് വാര്‍ഡ് നിര്‍മാണത്തിന്റെ ടെന്‍ഡര്‍ 20ന് തുറക്കും. മൂന്നുകോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ട്രോമാകെയര്‍ ബ്ലോക്കിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 250 കിടക്കകളുള്ള ലേഡീസ് ഹോസ്റ്റല്‍ ഇലക്ട്രിഫിക്കേഷനു ശേഷം ഓഗസ്റ്റ് അവസാനത്തോടെ തുറന്നു കൊടുക്കാനാകും. എട്ടുകോടി രൂപ ചെലവിലുള്ള ബോയ്സ് ഹോസ്റ്റല്‍ പ്രവൃത്തി പൂര്‍ത്തിയാക്കിട്ടുണ്ട്. ടെറിഷറി കാന്‍സര്‍ സെന്റര്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ അറിയിച്ചു.
യോഗത്തില്‍ എക്സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്, ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രതാപന്, സൂപ്രണ്ട് ഡോ. എ.സി സോമന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."