മെഡിക്കല്‍ കോളജിനെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തും: ആരോഗ്യമന്ത്രി
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയെ എയിംസ് നിലവാരത്തിലേക്കുയര്‍ത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം കാലിക്കറ്റ് പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കും, ക്വാര്‍ട്ടേഴ്സും നിര്‍മിക്കും. അക്കാദമിക് സൗകര്യങ്ങളും പശ്ചാത്തല സൗകര്യങ്ങളും ഉയര്‍ത്തിയുള്ള പരിഷ്കരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തിയും ഉടന്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ആശുപത്രിയുടെ നിലവിലുള്ള ഘടനയില്‍ മാറ്റംവരുത്തി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. നിലവിലെ ജനറല്‍ ഒ.പി, കാഷ്വാലിറ്റി ഒ.പി സൗകര്യങ്ങളും മെച്ചപ്പെടുത്തേണ്ടതുണ്ട്. രണ്ട്-മൂന്നു വര്‍ഷങ്ങള്‍ കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ഉയര്‍ന്ന നിലവാരത്തിലേക്കുയര്ത്താമെന്നതാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. നിലവില്‍ രാജ്യാന്തര റാങ്കില്‍ പത്തിനും പതിനഞ്ചിനുമിടയില് നില്ക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ മിക്കതും എയിംസ് നിലവാരത്തോട് കിടപിടിക്കുന്നതാണെന്നും ഷൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഡിഫ്തീരിയ രോഗബാധയെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്റെ ദൗര്‍ലഭ്യം അടിയന്തരമായി പരിഹരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."