മക്കയിലെ ഹറം ടാക്‌സി പദ്ധതി അടുത്ത മാസം മുതല്‍
ജിദ്ദ: പുണ്യനഗരമായ മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച ഗതാഗത സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഹറം ടാക്‌സി അടുത്ത മാസം മധ്യത്തോടെ സര്‍വീസ് ആരംഭിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരി അറിയിച്ചു.
മഞ്ഞ നിറത്തിലുള്ള ഹറം ടാക്‌സിക്ക് ഏറെ പ്രത്യേകതയുണ്ട്. ടാക്‌സികളില്‍ മുന്നിലും പിന്നിലുമായി യാത്ര ചെയ്യുന്നവര്‍ക്ക് കാണാന്‍ പാകത്തില്‍ സ്‌ക്രീനുകളുണ്ടാകും. തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്ഥലങ്ങളെ കുറിച്ചുള്ള അറിയിപ്പുകള്‍ എന്നിവയ്ക്കു പുറമെ, ടാക്‌സി നിരക്ക് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ ഡ്രൈവറെയും വാഹനത്തെയും ടാക്‌സി കമ്പനിയെയും പ്രതിപാദിക്കുന്ന വിവരങ്ങളും സഊദിയെ കുറിച്ച് പരിചയപ്പെടുത്തുന്ന വിവിധ ഭാഷകളിലുള്ള ഉള്ളടക്കവും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.. ഇതിനു പുറമെ ജി.പി.എസ് സംവിധാനം, ഓണ്‍ലൈന്‍ വഴി വാടക നല്‍കാനുള്ള സൗകര്യം, ബില്‍ പ്രിന്റിംഗ് സംവിധാനം തുടങ്ങിയവയും ഹറം ടാക്‌സികളില്‍ ഉണ്ടായിരിക്കും.
മക്ക വികസന അതോറിറ്റിയും മക്ക നഗരസഭയുമാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുക. ആദ്യ ഘട്ടത്തില്‍ ഒരു കമ്പനിക്കു കീഴില്‍ 200 മുതല്‍ 250 വരെ ടാക്‌സികള്‍ക്കാണ് ലൈസന്‍സ് നല്‍കുക.
മക്കയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി യാത്ര എളുപ്പമാക്കുന്നതിനാണ് മക്കയില്‍ ഹറം ടാക്‌സി പദ്ധതി നടപ്പിലാക്കുന്നതെന്നും പൊതു ഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍ റുമൈഹ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."