ഒരേ വീട്ടില്‍ കളിച്ചും ചിരിച്ചും നടന്നവര്‍ ഇനി ഓര്‍മ്മ മാത്രം: വിങ്ങലായി മൂന്ന് കുട്ടികള്‍
കാഞ്ഞങ്ങാട്: ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ വീണാണ് ഇന്ന് വൈകുന്നേരത്തോടെ മൂന്ന് കുട്ടികള്‍ മരിച്ചത്. ഒരേ വീട്ടില്‍ കളിച്ചും ചിരിച്ചും നടന്നവര്‍ ഇനി ഓര്‍മ്മ മാത്രം. പതിവുപോലെ ഇന്ന് വൈകുന്നേരവും മൂന്നു കുട്ടികളും കളിക്കാനിറങ്ങിയതായിരുന്നു. എന്നാല്‍ നേരം ഏറെ വൈകിയിട്ടും ഇവരെ കാണാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയതോടെയാണ് കുട്ടികളെ ചതുപ്പില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.
സന്ധ്യയോടെ കാഞ്ഞങ്ങാട് ഭാഗത്തു ശക്തമായ മഴ ഉണ്ടായതും നോമ്പ് മുറിക്കാനുള്ള സമയവും കൂടി ആയതോടെ കളിക്കാന്‍ പോയ കുട്ടികള്‍ വീടിനടുത്തു തന്നെ ഉണ്ടെന്ന നിഗമനത്തിലായിരുന്നു വീട്ടുകാര്‍.വീട്ടുകാരുടെ നോമ്പ് മുറിക്കലും നിസ്കാരവും കഴിഞ്ഞിട്ടും കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ ഇവരെ തെരഞ്ഞു പുറത്തിറങ്ങിയത്. വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെയാണ് ചതുപ്പ് നിലം.
നൂറുദ്ധീന്‍,മഹ്റൂഫ എന്നിവരുടെ മകന് മുഹമ്മദ് ബാഷിര്‍ ( 4), നാസര്‍,താഹിറ എന്നിവരുടെ മകന് അജ്നാസ് (6),സമീര്‍,റസീന എന്നിവരുടെ മകന് മിസ്ബാഹ് ( 6) എന്നിവരാണ് മരിച്ചത്. അജ്നാസ്,നിഷാദ് എന്നിവര്‍ കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളാണ്. കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ റഹ്മത് മജീദിന്റെ മകളുടെ മകനാണ് മുഹമ്മദ് ബഷീര്‍.മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."