യുക്തിപൂര്‍വം മുക്തി നേടാം
വിശുദ്ധ റമദാന്‍ പശ്ചാത്താപത്തിന്റെ മനോഹര പാതകളാണ് നമുക്ക് തുറന്നുവച്ചിരിക്കുന്നത്. അപകര്‍ഷതാ ബോധത്തിന്റെ സകല ചിന്തകളും മാറ്റിവച്ച് നമ്മുടെ സ്രഷ്ടാവിനോടാണ് കേഴുന്നത് എന്നും അതില്‍ ഒരു ലജ്ജയും തനിക്ക് വേണ്ട എന്നുമുള്ള ബോധത്തോടെ നാം അതിന് തയാറായാല്‍ കാരുണ്യവാനായ രക്ഷിതാവ് കരുണയുടെ വാതായനം തുറന്ന് തരിക തന്നെ ചെയ്യുമെന്ന ബോധമാണ് ആദ്യം വേണ്ടത്. 'അല്ലാഹുവിന്റെ അനുഗ്രഹത്തെ തൊട്ട് പരാജിതനായ മനുഷ്യനല്ലാതെ നിരാശനാകില്ല' എന്ന് ഖുര്‍ആനില്‍ കാണാം.
തിന്മ മനുഷ്യ സഹജമാണ്. ദുര്‍ബലനായ ജീവിയായ മനുഷ്യനില്‍ നിന്ന് തെറ്റ് പറ്റിയേക്കാം. അത് വരാതെ കാവല്‍ നല്‍കപ്പെട്ടത് പ്രവാചകന്മാര്‍ മാത്രമേ ഉള്ളൂ. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ ഔലിയാഅ് തെറ്റുകള്‍ വരാതെ പരമാവധി സൂക്ഷിക്കുന്നവരാണ്. മറ്റ് ആര്‍ക്കും തെറ്റ് സംഭവിക്കാം. മനുഷ്യന്‍ ദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (നിസാഅ് 28) എന്നാണ് വിശുദ്ധഖുര്‍ആനിന്റെ തന്നെ ഭാഷ്യം. ശാസ്ത്ര പുരോഗതിയുടെ ഉന്നതികളില്‍ കയറിയെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്‍ ഒരു ചെറിയ വൈറസിന് മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നത് നാം ഇന്ന് നേരിട്ടു കാണുകയാണ്. എന്നാലും അഹങ്കാരം ശമിക്കാത്ത ചിലര്‍ ദൈവാസ്തിക്യത്തെ ചോദ്യം ചെയ്യുന്നത് കാണാം. അവരോട് നമുക്ക് സഹതപിക്കുക.
ലഭിച്ച അനുഗ്രഹങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവനാണ് ബുദ്ധിമാനായ വിശ്വാസി. സംഭവിച്ച് പോയ അപരാധങ്ങളുടെ പേരില്‍ വിഷമിച്ച് നില്‍ക്കാതെ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങാന്‍ വിശ്വാസിക്ക് സാധിക്കണം. അവനാണ് യഥാര്‍ഥ വിശ്വാസി. ഒരു ഹദീസില്‍ ഇങ്ങനെ കാണാം. 'ആദം സന്തതികള്‍ തെറ്റു ചെയ്യുന്നവരാണ്. തങ്ങളുടെ തെറ്റുകളില്‍ പശ്ചാത്താപം ചെയ്യുന്നവരാണ് അവരില്‍ ഉത്തമര്‍'. പശ്ചാത്താപത്തിന്റെ മഹത്വമാണ് ഇവിടെ അറിയിക്കുന്നത്.
മനുഷ്യനിലെ നന്മ തിന്മകളുടെ ഉറവിടം അവന്റെ ഹൃദയമാണ്. 'ഖല്‍ബ്' എന്നാണ് അറബിയില്‍ ഹൃദയത്തിന് പറയുക. മാറിമറിയുന്നത് എന്നാണതിനര്‍ഥം. സൂറതുശ്ശംസില്‍ ഇങ്ങനെ കാണാം: 'ആത്മാവിനെക്കൊണ്ടും അതിനെ ന്യൂനതാമുക്തമാക്കി നന്മതിന്മകള്‍ ഗ്രഹിപ്പിച്ചുകൊടുത്ത മഹാശക്തിയെ കൊണ്ടും സത്യം . ആത്മാവിനെ ശുദ്ധീകരിച്ചവന്‍ വിജയം വരിക്കുക തന്നെ ചെയ്തിരിക്കുന്നു; അതിനെ മലിനീകരിച്ചവന്‍ നിശ്ചയം പരാജിതനായിരിക്കുന്നു'. അപ്പോള്‍ ആത്മാവിനെ ശുദ്ധീകരിക്കലാണ് വിജയ മാര്‍ഗം എന്ന് വ്യക്തം. തിരു ദൂതര്‍ പറഞ്ഞു: 'അറിയുക തീര്‍ച്ചയായും മനുഷ്യ ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി. അറിയുക, അതാണ് ഹൃദയം'.
പശ്ചാത്താപ ചിന്തയിലേക്ക് ഒരു മനുഷ്യന്‍ കടക്കുന്നതിന്റെ ആദ്യ പടിയാണ് നന്നാകാനുള്ള മനസ്. അതിലേക്ക് സഹായിക്കുന്ന കര്‍മങ്ങള്‍ നിരവധിയുണ്ടാകാം. പക്ഷെ ഏത് കര്‍മവും വെറുതേ ശരീരം കൊണ്ടു മാത്രം മനസറിയാതെ ചെയ്തിട്ട ് ഒരു ഫലവുമില്ല. കേവല യാന്ത്രികമായ നോമ്പോ നിസ്‌കാരമോ ഒരാളെ നന്നാക്കുകയില്ല എന്ന് ഉറപ്പ്. അത് ആത്മാര്‍ഥമായിരിക്കണം. ആത്മാര്‍ഥതയില്ലാത്ത കര്‍മങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കണേ എന്ന് തിരുനബി (സ) പ്രാര്‍ഥിച്ചതായി കാണാം. ആയുസ്സിനെക്കുറിച്ചുള്ള നഷ്ടബോധത്തില്‍നിന്നാണ് പശ്ചാത്താപമുണ്ടാകുന്നത്. തൗബയെന്നത് കുറേ ചെല്ലിപ്പറയുന്ന വാക്കുകളോ വാചകക്കസര്‍ത്തുകളോ അല്ല. മനസില്‍ ആത്മാര്‍ഥമായി എടുക്കുന്ന തീരുമാനങ്ങളാണ്. പഴയതൊന്നും ഇനി അറിഞ്ഞുകൊണ്ടാവര്‍ത്തിക്കില്ലെന്ന ദൃഢനിശ്ചയം. തൗബയെന്നാല്‍ എന്താണ് എന്ന് വിശദീകരിച്ച് 'ഖേദമാണ് തൗബ' എന്ന് തിരു നബി(സ) പറഞ്ഞത് കാണാം. അപ്പോള്‍ അത് വാക്കുകളായി വന്നില്ലെങ്കിലും മനസിലാണ് ഉണ്ടാകേണ്ടത്. സംഭവിച്ച് പോയതിലുള്ള അടങ്ങാത്ത വേദന. അതാണ് ഒരു മനുഷ്യനെ ഉരുക്കി നന്നാക്കുന്നത്.
പശ്ചാത്താപത്തിന് ചില നിബന്ധനകള്‍ പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. ദോഷം അല്ലാഹുവിന്റെയും അടിമയുടെയും ഇടയില്‍ മാത്രം ഒതുങ്ങിയതാണെങ്കില്‍ അഥവാ മനുഷ്യരുമായി ബന്ധിക്കാത്തതാണെങ്കില്‍ ആ കുറ്റത്തില്‍നിന്നുള്ള പശ്ചാത്താപത്തിന് മൂന്ന് നിബന്ധനകളുണ്ട്.
ചെയ്ത കുറ്റത്തില്‍നിന്ന് പൂര്‍ണമായും മുക്തനാവലാണ് ഒന്നാമത്തേത്. സകല തിന്മകളുടെ വാസനകളേയും വേരോടെ പിഴുതെറിയണമെന്നാണ് ഇത് സംബന്ധിച്ച് വിശദീകരിച്ച് പണ്ഡിതന്മാര്‍ പറഞ്ഞത്. മുറിച്ചു കളഞ്ഞാല്‍ പോരാ. അത് വീണ്ടും തളിരിടാന്‍ സാധ്യതയുണ്ട്. തിന്മയില്‍ നിന്നും പിന്മാറാത്ത പശ്ചാത്താപം പരിഹാസമാണ്. തെറ്റ് ചെയ്തു കൊണ്ടിരിക്കെ ഇസ്തിഗ്ഫാര്‍ നടത്തിയിട്ട് എന്ത് കാര്യം? രണ്ടാമത്തേത് ചെയ്ത തെറ്റിന്റെ പേരില്‍ ഖേദിക്കലാണ്. ജനങ്ങളുടെ പ്രീതി സമ്പാദിക്കാനോ ആക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനോ മറ്റോ ഉള്ള ഖേദപ്രകടനം പരിഗണനീയമല്ലെന്ന് ചുരുക്കം. തെറ്റുകളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ഉറച്ചു തീരുമാനിക്കലാണ് മൂന്നാമത്തേത്. ഇവിടെ പിശാച് കുതന്ത്രം കൂടുതല്‍ കാണിക്കുമെന്ന് പണ്ഡിതന്മാര്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ട്. 'തിന്മയില്‍ നിന്ന് നീ ഖേദിച്ചു മടങ്ങിയാലും നീ വീണ്ടും തിന്മയിലേക്ക് പോകുമെന്നും അതിനാല്‍ ഇതിന് പ്രസക്തി ഇല്ല' എന്നും പറഞ്ഞു നമ്മെ പിന്തിരിപ്പിക്കും. എന്നാല്‍ നാം മനസിലാക്കേണ്ടത് തൗബ ചെയ്യുന്ന സമയത്ത് പരിപൂര്‍ണമായും തിന്മകളില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ഉറച്ച തീരുമാനം ഉണ്ടായാല്‍ മതി എന്നാണ്. പിന്നീട് വരുന്നത് നാം പരിഗണിക്കേണ്ടതില്ല.
കുറ്റങ്ങള്‍ മറ്റു ജനങ്ങളുടെ 'ഹഖു'മായി ബന്ധപ്പെട്ടതാണെങ്കില്‍ മേല്‍ വിവരിച്ച മൂന്നു കാര്യങ്ങള്‍ക്കു പുറമെ നാലാമതൊരു നിബന്ധന കൂടിയുണ്ട്. തെറ്റുമായി ബന്ധപ്പെട്ട വ്യക്തിയുടെ ഹഖിനെ വീട്ടണം. ഒരു വ്യക്തിയുടെ സ്വത്തുമായി ബന്ധപ്പെട്ടതാണെങ്കില്‍ അയാളുടെ സ്വത്ത് തന്നെ അയാള്‍ക്ക് മടക്കിക്കൊടുക്കണം. അഥവാ അത് നിലവിലില്ലെങ്കില്‍ അതുപോലെയുള്ള വേറെ വസ്തുവോ അതിന്റെ വിലയോ നല്‍കണം. അല്ലാത്തപക്ഷം അക്രമിക്കപ്പെട്ടവന്‍ മാപ്പ് നല്‍കണം. ഇവയില്ലാത്ത പശ്ചാത്താപം കേവലം അധരവ്യായാമം മാത്രമാണ്.
തിന്മകളെ നിസാരമായി കാണാന്‍ വിശ്വാസിക്ക് സാധിക്കില്ല. നബി(സ)യില്‍ നിന്നുദ്ധരിച്ചു അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞു: 'ഒരു മലയുടെ താഴ്ഭാഗത്തിരിക്കുന്നവനെപ്പോലെയാണ് സത്യവിശ്വാസിയായ മനുഷ്യന്‍ തന്റെ പാപങ്ങളെ ദര്‍ശിക്കുക. മല അവന്റെ മീതെ വീണേക്കുമോയെന്ന് ഭയമായിരിക്കുമവന്. ദുര്‍മാര്‍ഗ്ഗികള്‍ അവന്റെ പാപങ്ങളെ ദര്‍ശിക്കുക മൂക്കിന്റെ മുമ്പിലൂടെ പാറിപ്പോകുന്ന ഈച്ചയെ പോലെയായിരിക്കും. ഇതുപറഞ്ഞിട്ട് ഇബ്‌നുമസ്ഊദ് കൈ കൊണ്ട് ആംഗ്യം കാണിച്ചു' (ബുഖാരി). പാപങ്ങളെ നിസാരമാക്കിക്കാണാതെ പാപമുക്തി നല്‍കുന്ന വിശുദ്ധ റമദാനില്‍ അല്ലാഹുവിലേക്ക് ആത്മാര്‍ഥമായി മടങ്ങാന്‍ നമുക്ക് സാധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."