ബീരിച്ചേരി മേല്‍പ്പാലം: ഒന്നാംഘട്ട നിര്‍മാണത്തിന് കിഫ്ബി തുക അനുവദിച്ചു
തൃക്കരിപ്പൂര്‍: ബീരിച്ചേരി മേല്‍പ്പാലം ഒന്നാംഘട്ട നിര്‍മാണത്തിന് കിഫ്ബി തുക അനുവദിച്ചു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നതിനും ഭൂമി ഒരുക്കുന്നതിനുമായി കിഫ് ബി തുക അനുവദിച്ചത്.
ബീരിച്ചേരി മേല്‍പ്പാലത്തിനായി റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് തയാറാക്കിയ രൂപ രേഖ കഴിഞ്ഞ നവംബറില്‍ കിഫ്ബിക്ക് കൈമാറിയിരുന്നു. പത്തുദിവസത്തിനകം ഭൂമി ഏറ്റടുക്കല്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് കലക്ടര്‍ക്ക് നല്‍കും.
ഭൂ ഉടമകളുടെ സഹകരണം കൂടിയായാല്‍ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി മൂന്നുമാസത്തിനകം നിര്‍മാണം ആരംഭിക്കും.
റെയില്‍വേ അനുവദിച്ച 20 കോടിക്ക് പുറമെ ബാക്കി തുക സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. നിലവിലെ ലെവല്‍ ക്രോസ് നിലനിര്‍ത്തി കൊണ്ട് വാഹന ഗതാഗതം തടസപ്പെടുത്താത്ത രീതിയില്‍ 30 ഡിഗ്രി ആംഗിളില്‍ ദിശ മാറിയാണ് നിര്‍മിക്കുക. പുതുതായി 95 സെന്റ് ഭൂമി ഏറ്റടുക്കേണ്ടി വരും.
7.88 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ഇതിന് റവന്യു വകുപ്പ് നടപടി സ്വീകരിക്കണം. ബാക്കി 33 കോടി രൂപയാണ് നിര്‍മാണ ചെലവ് വരുന്നത്. 18 കെട്ടിടങ്ങളും പൊളിച്ച് സൗകര്യം ഒരുക്കി നല്‍കണം.
ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ 10.2 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം പണിയുക.
50 മീറ്റര്‍ ഭാഗം റെയില്‍വേ നേരിട്ട് നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."