അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവ്: മികവിന്റെ നെറുകയില്‍ ജില്ലാ ഹോമിയോ ആശുപത്രി
കാഞ്ഞങ്ങാട്: തിരുവനന്തപുരത്ത് നടത്തിയ അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവില്‍ കാഞ്ഞങ്ങാട്ടെ ഗവ. ജില്ലാ ഹോമിയോ ആശുപത്രി നേട്ടത്തിന്റെ നെറുകയില്‍. ആയുഷ് വകുപ്പില്‍ നിന്നും ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങി അന്തര്‍ദേശീയ ആയുഷ് കോണ്‍ക്ലേവിലേക്ക് ജില്ലയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടതും അവതരിപ്പിക്കപ്പെട്ടതുമായ ഏക പ്രബന്ധം കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയുടേതാണ്. ഓസ്‌ട്രേലിയ, യു.എ.ഇ, ഇംഗ്ലണ്ട്, റഷ്യ, ജര്‍മനി, ഗ്രീസ്, ഇറ്റലി, മാലദ്വീപ്, മലേഷ്യ, സിംഗപ്പൂര്‍, ഫിലിപ്പിയന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നു നിരവധി പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, വൈദ്യശാസ്ത്ര രംഗത്തെ വിദ്യാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിലും പ്ലാറ്റലെറ്റിന്റെ എണ്ണം വര്‍ധിപ്പിക്കുന്നതിലും ഹോമിയോപ്പതി മരുന്നുകളുടെ ഫലപ്രാപ്തി എന്ന വിഷയത്തിലാണ് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് കരിപ്പത്ത് പ്രബന്ധം അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ആശുപത്രിയില്‍ ചികിത്സ തേടിയ ഡങ്കിപ്പനി ബാധിച്ച രോഗികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഈ പ്രബന്ധത്തിന്റെ മികവ് വിധികര്‍ത്താക്കളുടെ പ്രത്യേക പരാമര്‍ശത്തിനിടയായി. ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ.രാജേഷ് കരിപ്പത്ത്, ഡോ.രമ സുബ്രഹ്മണ്യം, ഡോ.കെ.ജെ.ബിന്ദു. ഡോ. രാഗേഷ്‌കുമാര്‍, ഡോ. ജയശ്രീ എന്നിവരും, ഡോ. സ്മിതാ രാജനും ഉള്‍പ്പെടുന്ന ഡോക്ടര്‍മാരുടെ സംഘമാണ് പ്രബന്ധം തയാറാക്കിയത്.
പ്ലാറ്റലെറ്റുകളുടെ എണ്ണം 14000 വരെ കുറഞ്ഞതും ഹൃദയവാള്‍വുകള്‍ക്ക് തകരാറുള്ളതും റുമാറ്റിക് ഹാര്‍ട്ട് ഡിസീസ് എന്ന രോഗമുള്ളതുമായ രോഗിയുടെ പ്ലാറ്റലെറ്റ് നാലു ദിവസത്തെ ചികിത്സയില്‍ 190,000 വരെ വര്‍ധിച്ചതടക്കം നിരവധി വിവരങ്ങള്‍ അടങ്ങുന്നതാണ് ഈ പ്രബന്ധം. ആശുപത്രിയെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെട്ട രണ്ടാമത്തെ പ്രബന്ധമാണിത്.
2017ല്‍ കോട്ടയം ജില്ലയിലെ പാല സെന്റ തോമസ് കോളജില്‍ നടത്തിയ സമ്മേളനത്തിലും ഡോ. രാജേഷ് കരിപ്പത്ത് ഡെങ്കിപ്പനിയെക്കുറിച്ച് മറ്റൊരു പ്രബന്ധം അവതരിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."