സ്വര്‍ണം നിറംവരുത്താമെന്ന് പറഞ്ഞ് തട്ടിപ്പ്: ബിഹാര്‍ സ്വദേശികള്‍ അറസ്റ്റില്‍
നിലമ്പൂര്‍: ആഭരണങ്ങള്‍ നിറം വരുത്താമെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണം തട്ടുന്ന ബിഹാര്‍ സ്വദേശികളെ നിലമ്പൂര്‍ പൊലിസ് അറസ്റ്റു ചെയ്തു. ബിഹാര്‍ അരാരിയ ആര്‍.എസ് സ്വദേശികളായ മടിയാരി ദാമ ശശികുമാര്‍ ഷാ (32), രൂപ് ലാല്‍ ഷാ (24), രവികുമാര്‍ ഷാ (22) എന്നിവരാണ് നിലമ്പൂരിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. മുറിയില്‍ നിന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന വിവിധ ആസിഡുകള്‍, മഞ്ഞള്‍പൊടി, കസ്തൂരി മഞ്ഞള്‍, ഉറുഞ്ചിക്കായ, തീ കത്തിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍, പാത്രങ്ങള്‍, എ.ടി.എംകാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ ഫോണുകള്‍ എന്നിവയും കണ്ടെടുത്തു.
വാടക കുറഞ്ഞ ലോഡ്ജുകളില്‍ മുറിയെടുത്ത് ഉള്‍നാട്ടിലെ വീടുകളിലെത്തി സ്ത്രീകളെ വെള്ളി ആഭരണങ്ങളും പിച്ചള പാത്രങ്ങളും നിലവിളക്കുകളും നിറം വരുത്തിക്കൊടുത്ത് വിശ്വാസം നേടിയെടുത്താണ് സംഘം തട്ടിപ്പ് നടത്തുന്നത്. വീട്ടുകാരുടെ വിശ്വാസം നേടിയെടുത്ത ശേഷം സ്വര്‍ണാഭരണങ്ങളും നിറം വരുത്താന്‍ വാങ്ങിയെടുക്കുകയാണ് ഇവരുടെ പതിവ്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ രാസവസ്തുക്കളുപയോഗിച്ച് സ്വര്‍ണാഭരണങ്ങള്‍ കഴുകി കസ്തൂരി മഞ്ഞള്‍ പുരട്ടി ഒരു മണിക്കൂര്‍ ഫാനിനു ചുവട്ടില്‍ വച്ച് ഉണക്കാന്‍ പറഞ്ഞ് സ്ഥലം വിടും. സമയം കഴിഞ്ഞ് സ്വര്‍ണം എടുത്തുനോക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി വീട്ടുകാര്‍ തിരിച്ചറിയുക. ഇവരുടെ കൈവശമുള്ള ആസിഡില്‍ മുക്കുന്നതോടെ സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം അതില്‍ ലയിച്ച് നഷ്ടമായിട്ടുണ്ടാകും. ഇത് പിന്നീട് വേര്‍തിരിച്ചെടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ മാസം അകമ്പാടത്തുനിന്ന് ഒന്നേമുക്കാല്‍ പവനും കാവുംപാടത്തുനിന്ന് 11 ഗ്രാമും പുളിക്കലൊടിയില്‍നിന്ന് 11 ഗ്രാമും വടപുറത്തുനിന്ന് 5 ഗ്രാമും സ്വര്‍ണം ഇത്തരത്തില്‍ ഇവര്‍ തട്ടിയെടുത്തതായി തിരിച്ചറിഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിലുള്ള കേന്ദ്രത്തില്‍ നിന്നുമാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കോഴിക്കോട്, പട്ടാമ്പി, പാലക്കാട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്കെത്തുന്നതെന്ന് പൊലിസ് പറയുന്നു.
ഇത്തരത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലമ്പൂര്‍, വഴിക്കടവ്, എടക്കര, പോത്തുകല്‍ സ്‌റ്റേഷനുകളില്‍ പരാതികളെത്തിയതോടെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എസ്.ഐ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിലമ്പൂര്‍ കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."