'കാസ്രോട് കഫേ': ചെങ്കളയില്‍ ടൂറിസം ഉദ്യാനം വരുന്നു
കാസര്‍കോട്: 'കാസ്രോട് കഫേ ' പദ്ധതിയിലെ പാണാര്‍ക്കുളം കേന്ദ്രത്തില്‍ ടൂറിസം ഉദ്യാനം വരുന്നു. പ്രവൃത്തി ഉദ്ഘാടനം ചെങ്കള പാണാര്‍കുളത്ത് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിച്ചു. കഫെയോടനുബന്ധിച്ച് റവന്യൂ വകുപ്പ് ടൂറിസം വകുപ്പിന് കൈമാറിയ 50 സെന്റ് സ്ഥലത്ത് ചെങ്കള പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ടൂറിസം ഉദ്യാനം നിര്‍മിക്കുന്നത്. പാര്‍ക്കിങ് ഏരിയ, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, പൂന്തോട്ടം, നടപ്പാത, മിനിമാസ്റ്റ്, കുട്ടികള്‍ക്കുള്ള വിനോദോപകരണങ്ങള്‍ തുടങ്ങിയവയും ഉദ്യാനത്തിലുണ്ടാവും.
ടൂറിസം വകുപ്പ് എംപാനല്‍ഡ് ആര്‍ക്കിടെക്റ്റ് പി.സി റഷീദ് തയാറാക്കിയ പദ്ധതിയുടെ പ്രവൃത്തി ജില്ലാ നിര്‍മിതി കേന്ദ്രമായിരിക്കും പൂര്‍ത്തീകരിക്കുക.
1.53 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ജില്ലാപഞ്ചായത്ത് 25 ലക്ഷം രൂപയും ചെങ്കള പഞ്ചായത്ത് 25 ലക്ഷം രൂപയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വികസന ഫണ്ടില്‍നിന്നു അഞ്ചുലക്ഷം രൂപയും അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ടൂറിസം വകുപ്പില്‍ നിന്ന് 98 ലക്ഷം രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു. കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച 'കാസ്രോട് കഫേ'യുടെ ആദ്യകേന്ദ്രം തലപ്പാടിയില്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു.
ഇതിനുപുറമേ കുമ്പള, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടം വയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ജില്ലയിലെ പാതകളിലൂടെ കടന്നു പോകുന്നവര്‍ക്ക് ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാക്കി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വിശ്രമ കേന്ദ്രമൊരുക്കുകയാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."