നീല, വെള്ള കാര്‍ഡുകാര്‍ക്ക് റേഷന്‍ കിറ്റുകള്‍ വൈകും
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ മൂന്നാം ഘട്ട വിതരണം വൈകും. മുന്‍ഗണനക്കാര്‍ക്കുള്ള (പിങ്ക് കാര്‍ഡ്) കിറ്റ് വിതരണമാണ് ഈ മാസം ഏഴുവരെ നടക്കുന്നത്. അതേസമയം നീല, വെള്ള റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള കിറ്റുവിതരണത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സാധനങ്ങളുടെ ലഭ്യതക്കുറവാണ് വിതരണം വൈകാന്‍ കാരണം.
17 ഇനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റുകള്‍ ഏപ്രിലില്‍ വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാധനങ്ങളുടെ ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ഇത് വൈകുകയായിരുന്നു. അതേസമയം വിഷുവിന് മുന്‍പ് അന്ത്യോദയക്കാര്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. അന്ത്യോദയ വിഭാഗത്തിലെ 5,75,003 മഞ്ഞക്കാര്‍ഡുകാര്‍ക്കാണ് വിതരണം ചെയ്തത്. 31 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. ഇവര്‍ക്കാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ബാക്കിയുള്ള നീല, വെള്ള കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണത്തിനാണ് സാധനങ്ങളുടെ ലഭ്യതക്കുറവുള്ളത്. ഇവര്‍ക്ക് നല്‍കാനായി 50 ലക്ഷത്തില്‍പരം കിറ്റുകള്‍ തയാറാക്കേണ്ടതുണ്ട്. സാധനങ്ങള്‍ സംഘടിപ്പിച്ച് കിറ്റ് വിതരണം ചെയ്യാന്‍ രണ്ടാഴ്ചയെങ്കിലും ഇനിയും എടുക്കുമെന്നാണ് വിവരം.
മുന്‍ഗണനേതര സബ്‌സിഡി (നീല കാര്‍ഡ്) വിഭാഗത്തില്‍ 25.04 ലക്ഷം കാര്‍ഡുകളാണുള്ളത്. മുന്‍ഗണനേതര നോണ്‍ സബ്‌സിഡി (വെള്ള കാര്‍ഡ്) വിഭാഗത്തില്‍ 24.80 ലക്ഷം കാര്‍ഡുകളുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."