പാതയോരത്തെ മണ്ണിടിച്ചില്‍ ഭീതിയോടെ പരിസരവാസികള്‍
മീനങ്ങാടി: മണ്‍തിട്ടയില്‍ നിന്നും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതും മരങ്ങള്‍ കട പുഴകി വീഴുന്നതും പതിവാകുന്നു.
ഇതോടെ ദേശീയപാതയിലെ കുട്ടരായിന് പാലത്ത് വാഹനങ്ങള്‍ കടന്നുപോകുന്നത് ഭീതിയോടെയാണ്. കുട്ടരായിന് പാലം ഇറക്കത്തില്‍ സ്വകാര്യവ്യക്തിയുടെ എട്ട് മീറ്റര്‍ ഉയരമുള്ള മണ്തിട്ടയോടുകൂടിയ പറമ്പില്‍ നിന്നാണ് മരങ്ങള്‍ പൊട്ടിയും കട പുഴകിയും വീഴുന്നത്. നിലവില്‍ അമ്പത് മീറ്റര്‍ നീളത്തിലാണ് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്.
ഒപ്പം മരങ്ങളും മണ്ണിനോടൊപ്പം വീണ് കിടക്കുന്നുണ്ട്. മണ്ണിടിഞ്ഞ ഭാഗത്ത് ഏതു സമയവും നിലം പൊത്താറായ വലിയ മരങ്ങളാണുള്ളത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ദേശീയപാതയില്‍ പതിയിരിക്കുന്നത് വന്‍ ദുരന്തമാണ്.
മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതിന് മുന്നില്‍ റോഡിന്റെ മറുവശത്തായി താമസിക്കുന്ന വീട്ടുകാരും ഭീതിയോടെയാണ് കഴിയുന്നത്. മരം വീണാല്‍ ഇവരുടെ വീടിന് മുകളിലേക്കാണ് പതിക്കുക.
ഇതിനുമുമ്പും വന്‍ മരങ്ങള്‍ വീണ് മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസപ്പെട്ടിരുന്നു. സംരക്ഷണഭിത്തി നിര്‍മിക്കുകയും വീഴാറായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."