'കുണ്ടുവാടിയര്‍ സമുദായത്തെ പട്ടികവര്‍ഗമായി പരിഗണിക്കണം'
കല്‍പ്പറ്റ: കുണ്ടുവാടിയര്‍ സമുദായത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം.
മുമ്പ് പരിഗണന ലഭിച്ചിരുന്ന സമുദായത്തെ പിന്നീട് ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ലെന്നാണ് സമുദായ നേതാക്കള്‍ പറയുന്നത്. വയനാടന്‍ ആദിവാസി സമൂഹങ്ങളില്‍ ചെറു ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന ഇവര്‍ പുല്‍പ്പളളി, പൂതാടി, മുളളന്‍കൊല്ലി പഞ്ചായത്തുകളില്‍ മാത്രമാണുളളത്. സാമൂഹ്യ- വിദ്യാഭ്യാസ രംഗത്ത് പിന്നാക്കാവസ്ഥയിലുളള ഇവര്‍ ഗോത്ര സംസ്‌ക്കാരം ഉള്‍കൊളളുന്ന ജനസമൂഹങ്ങളില്‍ ഒന്നാണ്. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ ഒന്നില്‍ പോലും ഒരു സംവരണവും കിട്ടാത്ത ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പോലും നടപടിക്രമങ്ങള്‍ ഏറെയാണ്. കിര്‍ത്താഡ്‌സ് പോലെയുള്ള ഏജന്‍സികള്‍ നടത്തിയ ഗവേഷണങ്ങളിലും സ്വന്തമായ കുല- ഗോത്ര ചിട്ടവട്ടങ്ങളുള്ളവരും വനദേവതകളെ ആരാധിക്കുന്നവരുമാണിവരെന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന വയനാടിന്റെ സാമൂഹ്യ ശ്രേണിയില്‍ ഏറ്റവും താഴെതട്ടിലുളളവരായിരുന്നു ഇവരെന്നും ഈ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
100 വര്‍ഷം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ഡെപ്യൂട്ടി കലക്ടര്‍ ആയിരുന്ന ബഹാദൂര്‍ സി. ഗോപാലന്‍ നായര്‍, മരുമക്കത്തായ ക്രമം പിന്തുടരുന്ന ഒരു കര്‍ഷക സമൂഹമാണിവരെന്നും പൂതാടി, പുറക്കാടി അംശങ്ങളിലായി നാല്‍പത് കുടുംബങ്ങള്‍ ഉണ്ടെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ ഉത്ഭവത്തെകുറിച്ച് വ്യക്തമായ തെളിവുകളില്ലെന്നും മലബാറിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഏതോകാലത്ത് കുടിയേറിയവരുടെ പിന്‍മുറക്കാരാകാം ഇവരെന്നും അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. 1910ല്‍ എഴുതിയ കൃതിയില്‍ വയനാട്ടിലെ അന്നത്തെ ജനങ്ങള്‍ ഗോത്ര സംസ്‌ക്കാരം പിന്തുടരുന്ന പതിനെട്ട് ജാതികളായിരുന്നതായും പറയുന്നുണ്ട്. അതില്‍ ഒന്നായിരുന്നു കുണ്ടുവാടിയാര്‍ സമുദായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."