ചുരത്തില്‍ ഗതാഗത നിരോധനം: കെ.എസ്.ആര്‍.ടി.സി സര്‍വിസ് മാത്രം
കല്‍പ്പറ്റ: ചുരത്തില്‍ ഗതാഗതം നിലച്ചതോടെ വയനാട്ടുകാരുടെ യാത്രാ സൗകര്യം കൂടുതല്‍ ദുഷ്‌കരമാകുന്നു.
ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം പൂര്‍ണമായും നിരോധിച്ച് കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉത്തരവിറക്കിയത്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയുടെ ചെയിന്‍ സര്‍വിസാണ് ചുരത്തിലെ ഏക യാത്രാ സൗകര്യം. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് രണ്ടാം വളവു വരെയും കോഴിക്കോട് നിന്ന് ചിപ്പിലിത്തോടു വരെയുമാണ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്നത്. ഇതിനിടയില്‍ 200 മീറ്റര്‍ ദൂരം നടന്ന് യാത്രക്കാര്‍ ബസുകള്‍ കയറണം.
നിലവില്‍ ചുരത്തില്‍ മണ്ണിടിഞ്ഞ ഭാഗത്തു കൂടെ ഒരു വാഹനങ്ങളും കടത്തി വിടുന്നില്ല. സ്വകാര്യ ബസുകള്‍ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പടുത്തിയിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു. വീഴാറായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു നീക്കി റോഡിന് വീതി കൂട്ടല്‍ തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനകം ആംബുലന്‍സുകള്‍ അടക്കമുള്ള അത്യാവശ്യവാഹനങ്ങള്‍ ഇതിലൂടെ കടത്തിവിടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം രണ്ട് ദിവസത്തിനകം തുടങ്ങും. വനം വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ രണ്ട് ഏക്കര്‍ ഭൂമി ഉപയോഗപെടുത്തി റോഡിന് വീതി കൂട്ടന്നതും ഉടന്‍ ആരംഭിക്കുമെന്നാണറിയുന്നത്. പൊലിസും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് അത്യാവശ്യവാഹനങ്ങള്‍ കടത്തിവിടുന്നത്. ചുരത്തില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്താനും നിര്‍മാണ ജോലികള്‍ നടത്താനും ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ സൊസൈറ്റിക്ക് താല്‍കാലിക അനുമതി നല്‍കിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ ചുരം ഇടിഞ്ഞ ഭാഗത്ത് വണ്‍വേ അടിസ്ഥാനത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കും. ചെറിയ വാഹനങ്ങളും യാത്രാ വാഹനങ്ങളും മാത്രമായിരിക്കും ഇങ്ങനെ വണ്‍വേ അടിസ്ഥാനത്തില്‍ കടത്തി വിടുക. ചരക്കു വാഹനങ്ങള്‍ ഇതുവഴി കടത്തി വിടില്ല. അത്യാവശ്യം ചെറിയ വാഹനങ്ങള്‍ക്ക് നാലാം വളവില്‍ നിന്ന് അടിവാരത്തേക്കുള്ള ബൈപാസ് വഴി പോകാവുന്നതാണ് എന്നാല്‍ വീതി കുറഞ്ഞ റോഡാണ് ഇത് ആംബുലന്‍സുകളും അത്യാവശ്യ വാഹനങ്ങളും മാത്രമെ ഇതുവഴി കടത്തിവിടുന്നുള്ളു. ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കുന്നതിന് മൂന്ന് മാസമെങ്കിലും എടുക്കും.
കോഴിക്കോട് വയനാട് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നൂറോളം പേര്‍ ജോലിയെടുത്താണ് ചുരത്തിലെ തകര്‍ന്ന ഭാഗത്ത് നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. മുമ്പ് തന്നെ അപകട ഭീഷണിയുള്ള വയനാട് ചുരം ചിപ്പിലിത്തോട് ഭാഗത്ത് ഇക്കഴിഞ്ഞ വ്യാഴം രാവിലെയാണ് ഇടിഞ്ഞ് ഗതാഗതം നിലച്ചത്. പിന്നീട് കുറ്റ്യാടി ചുരം വഴിയാണ് വയനാട് കോഴിക്കോട് യാത്ര. വയനാട് ചുരത്തിന് ബദല്‍ റോഡെന്ന പോലെ തന്നെയുള്ള വര്‍ഷങ്ങളായുള്ള ആവശ്യമാണ് ചുരത്തില്‍ ബൈപാസ് എന്നുള്ളത്.
ചുരം ഏഴാം വളവില്‍ നിന്നും ആരംഭിച്ച് കൈതപെയിലിനടുത്ത് എത്തിചേരുന്ന രീതിയില്‍ എട്ട് കിലോമീറ്റര്‍ ബൈപ്പാസ് നിര്‍മിച്ചാല്‍ ചുരത്തിലെ വാഹന പെരുപ്പം കുറക്കുന്നതിനും വണ്‍വേ ആയും ഈ റോഡ് ഉപയോഗിക്കാനാകും. എന്നാല്‍ ചുരം ബദല്‍ പാതകള്‍ യാഥാര്‍ഥ്യമാക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാത്തതോടെ കാലവര്‍ഷമെത്തിയാല്‍ ചങ്കിടിപ്പോടെയാണ് വയനാട്ടുകാരുടെ യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."