കൊവിഡ് പോസിറ്റീവ് ഫലം വൈകിപ്പിക്കുന്നത് തുടരുന്നു: കോണ്‍ഗ്രസ് പാര്‍ലമെന്ററി യോഗം
തിരുവനന്തപുരം: കൊവിഡ് പോസിറ്റീവ് കേസുകളുടെ ഫലം മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ വൈകിപ്പിക്കുന്നത് തുടരുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ റേറ്റിങ് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്. പോസിറ്റീവായ മൂന്ന് രോഗികളുടെ വിവരം കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാ കലക്ടര്‍ അപ്പോള്‍ തന്നെ പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി അത് സ്ഥിരീകരിച്ചില്ല. മുഖ്യമന്ത്രിയല്ലാതെ മറ്റാരും പ്രഖ്യാപിക്കരുതെന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നതെന്നും യോഗം വിലയിരുത്തി.
സൂം വഴിയുള്ള വിഡിയോ കണ്‍ഫറന്‍സിലൂടെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കന്റോണ്‍മെന്റ് ഹൗസിലും എം.എല്‍.എമാര്‍ അതത് ജില്ലകളിലുമായി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എമാരെ മനഃപൂര്‍വം ഒഴിവാക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. പണമില്ലാത്തതിനാല്‍ സമൂഹ അടുക്കളകളുടെ പ്രവര്‍ത്തനം പല സ്ഥലങ്ങളിലും താളംതെറ്റിയിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള മലയാളികളെയും ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെയും ഉടന്‍ മടക്കിക്കൊണ്ടു വരണം. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. കെ.എസ്.ഇ.ബി മീറ്റര്‍ റീഡിങ് വൈകിയിടത്ത് പഴയ നിരക്കില്‍ മാത്രമേ ചാര്‍ജ് ഈടാക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു.
ഭക്ഷ്യകിറ്റുകളുടെ വിതരണത്തെപ്പറ്റി വ്യാപകമായി പരാതിയുണ്ട്. കുടുംബശ്രീകള്‍ക്ക് 20,000 രൂപ വായ്പ നല്‍കുമെന്നു പറഞ്ഞെങ്കിലും 5000 രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. കണ്ണൂരില്‍ പൊലിസ് അതിക്രമം വ്യാപകമാണ്. രോഗഭീതിയില്‍ വലയുന്ന ജനങ്ങളുടെ മേല്‍ പൊലിസ് കുതിരകയറരുത്. കണ്ണൂരില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിലയിരുത്തി.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന് വി.ഡി സതീശന്‍ (കണ്‍വീനര്‍), ഷാഫി പറമ്പില്‍, വി.ടി ബലറാം, കെ.എസ് ശബരീനാഥന്‍ എന്നിവരടങ്ങുന്ന സബ്കമ്മിറ്റിയെയും ഇന്നലെ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."