ഫഹദ് വധം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്
കാസര്‍കോട്: പെരിയ കണ്ണോത്ത് സ്വദേശിയും കല്ല്യോട്ട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുമായിരുന്ന ഫഹദിനെ (9.5) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍ കോടതിയാണ് ഫഹദിന്റെ അയല്‍വാസിയും കേസിലെ പ്രതിയുമായ വിജയനെ(30) ശിക്ഷിച്ചത്. സെക്ഷന്‍ 302 പ്രകാരം ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും സെക്ഷന്‍ 341 (മുന്‍വൈരാഗ്യം) പ്രകാരം ഒരു വര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ശശികുമാര്‍ പ്രതിക്ക് വിധിച്ചത്.
2015 ജൂലൈ ഒമ്പതിനാണു കേസിനാസ്പദമായ അരുംകൊല നടന്നത്. സഹോദരിയുടെ കൂടെ സ്‌കൂളിലേക്ക് പോവുകയായിരുന്ന ഫഹദിനെ തെങ്ങു കയറ്റ തൊഴിലാളിയായ വിജയകുമാര്‍ പിന്നില്‍ നിന്നും പിടിച്ചുവച്ചു വാക്കത്തി കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എന്‍ഡോ സള്‍ഫാന്‍ ദുരിത കാരണമായി കാലിനു ചെറിയ വൈകല്യമുള്ള ഫഹദ് സഹോദരിക്കും മറ്റു ചില വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടയിലാണ് പാതയോരത്തെ കുറ്റിക്കാട്ടില്‍ പതുങ്ങി നിന്നിരുന്ന വിജയന്‍ കുട്ടികള്‍ക്ക് മുന്നിലേക്ക് കത്തിയുമായി ചാടി വീണത്. ഇതോടെ മറ്റു കുട്ടികള്‍ ഭയന്നോടി. ഇതിനിടയില്‍ ഫഹദിനെ പിടിച്ചു വച്ച് കുട്ടിയുടെ കഴുത്തിനു വിജയന്‍ വെട്ടുകയായിരുന്നു. ഫഹദ് സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. കുട്ടികളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കൃത്യത്തിനു ശേഷം പ്രദേശത്തെ കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ അറുപതോളം സാക്ഷികളും മറ്റു നിര്‍ണായക തെളിവുകളും കേസന്വേഷണം നടത്തിയ ബേക്കല്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ആര്‍.എസ്.എസ്.പ്രവര്‍ത്തകനായ വിജയന് ഫഹദിന്റെ പിതാവ് കണ്ണോത്തെ അബ്ബാസിനോട് ഉണ്ടായ വൈരാഗ്യമാണ് ഫഹദിനെ ക്രൂരമായി കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം നല്‍കിയാല്‍ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്ക് ഇത് വരെ ജാമ്യം അനുവദിച്ചിരുന്നില്ല. ഫഹദിന്റെ സഹോദരി ഉള്‍പ്പെടെ 36 സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി വിജയന്‍ കുറ്റക്കാരനാണെന്നു കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ കോടതി ഇരുവിഭാഗത്തിന്റെയും വാദം കേള്‍ക്കുകയും ചെയ്തു. തനിക്കു മാനസിക രോഗമുണ്ടെന്നും ഇക്കാരണത്താല്‍ തന്നെ വെറുതെ വിടണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരപരാധിയായ ഒരു വിദ്യാര്‍ഥിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ പ്രതി മാനസിക രോഗം അഭിനയിക്കുകയാണെന്നും അതിനാല്‍ പ്രതിക്ക് വധ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷനും വാദിച്ചു. ഇതേ തുടര്‍ന്ന് വിധി പറയുന്നത് കോടതി ഉച്ചക്ക് ശേഷത്തേക്കു മാറ്റി. തുടര്‍ന്ന് ഉച്ചക്ക് 2.30 ജില്ലയെ നടുക്കിയ ക്രൂരമായ കൊലപാതക കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.രാഘവനാണ് ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."