കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം മെയ് നാലിന് പുനരാരംഭിക്കും
തൊടുപുഴ: കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനം മെയ് നാലിന് പുനരാരംഭിക്കും. പ്രവര്‍ത്തന സമയം രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു മണി വരെയാണ്. കാഷ് കൗണ്ടറുകള്‍ പുനരാരംഭിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള തിക്കുംതിരക്കും ഒഴിവാക്കാന്‍ കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് നാലിനു പണമടയ്ക്കാം. ഒന്നില്‍ അവസാനിക്കുന്നവര്‍ക്ക് അഞ്ചിനും രണ്ടില്‍ അവസാനിക്കുന്നവര്‍ക്ക് ആറിനും മൂന്നില്‍ അവസാനിക്കുന്നവര്‍ക്ക് ഏഴിനും നാലില്‍ അവസാനിക്കുന്നവര്‍ക്ക് എട്ടിനും അഞ്ചില്‍ അവസാനിക്കുന്നവര്‍ക്ക് 11നും ആറില്‍ അവസാനിക്കുന്നവര്‍ക്ക് 12നും ഏഴില്‍ അവസാനിക്കുന്നവര്‍ക്ക് 13നും എട്ടില്‍ അവസാനിക്കുന്നവര്‍ക്ക് 14നും ഒമ്പതില്‍ അവസാനിക്കുന്നവര്‍ക്ക് 15നും കൗണ്ടറില്‍ പണമടയ്ക്കാം.
ഈ തിയതികളില്‍ പണമടയ്ക്കാന്‍ സാധിക്കാത്തപക്ഷം 0, 1, 2, 3, 4 അക്കങ്ങളില്‍ അവസാനിക്കുന്ന കണ്‍സ്യൂമര്‍ നമ്പര്‍ ഉള്ളവര്‍ക്ക് ഒമ്പതിനും (രണ്ടാം ശനിയാഴ്ച), 5, 6, 7, 8, 9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 16നും (മൂന്നാം ശനിയാഴ്ച) അവസരമുണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക് മെയ് 16 വരെ പിഴയോ പലിശയോ കൂടാതെ മേല്‍പറഞ്ഞ ക്രമീകരണങ്ങളനുസരിച്ച് ബില്‍ തുക അടയ്ക്കാവുന്നതാണ്.
ഒരു ഉപഭോക്താവിന് ഒന്നില്‍ കൂടുതല്‍ കണക്ഷനുകളുള്ളപക്ഷം അവയില്‍ ഏതെങ്കിലുമൊരു കണ്‍സ്യൂമര്‍ നമ്പറിന്റെ അവസാന അക്കം വരുന്ന ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ ബില്ലുകള്‍ ഒരുമിച്ചടയ്ക്കാന്‍ വരുന്ന റസിഡന്റ്‌സ് അസോസിയേഷനുകള്‍, ലയങ്ങള്‍, നാട്ടുകൂട്ടങ്ങള്‍ തുടങ്ങിയവയുടെ പ്രതിനിധികള്‍ക്ക് ഒമ്പതിനും 16നും ഒരുമിച്ച് തുക അടയ്ക്കാന്‍ അവസരമുണ്ടായിരിക്കും.
ഓണ്‍ലൈനായി പണമടയ്ക്കാനുള്ള സംവിധാനം തുടരും. ഏപ്രില്‍ ഒന്നിനു ശേഷം പ്രതിമാസം 1,500 രൂപയില്‍ കൂടുതല്‍ തുക വരുന്ന വൈദ്യുതി ബില്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നവര്‍ക്ക് ഏപ്രില്‍ 20 മുതല്‍ മൂന്നു മാസത്തേക്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ ഒഴിവാക്കിയിട്ടുണ്ട്. മെയ് നാലിനും 16നുമിടയില്‍ ആദ്യമായി ഓണ്‍ലൈനായി പണമടയ്ക്കുന്ന ഉപഭോക്താവിന് ഒരു ബില്ലിന് അഞ്ചു ശതമാനം (പരമാവധി 100 രൂപ) ഇളവു നല്‍കാനും ഇത് അടുത്ത ബില്ലില്‍ കുറവുചെയ്യാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."