പാവങ്ങളെ സഹായിക്കാന്‍ 65,000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് രഘുറാം രാജന്‍
ന്യൂഡല്‍ഹി: കൊവിഡും ലോക്ക് ഡൗണും കാരണം ഇന്ത്യയിലെ ദരിദ്രര്‍ അനുഭവിക്കുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 65,000 കോടി രൂപയുടെ പാക്കേജ് വേണ്ടിവരുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുല്‍ ഗാന്ധിയുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് പിന്നീട് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ അനന്തമായി നീട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പരിശോധന വര്‍ധിപ്പിക്കണം. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ 3-4 മാസത്തേക്കുള്ള ഭക്ഷണവും പണവും അവര്‍ക്ക് നല്‍കണം. ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് ജാഗ്രതയോടെയും കൃത്യമായ വീക്ഷണത്തോടെയുമായിരിക്കണം. പൊതുഗതാഗതം അടക്കമുള്ള സംവിധാനങ്ങള്‍ പുനരാരംഭിക്കുന്നതിന് വ്യക്തമായ പദ്ധതികള്‍ വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് നടത്തുന്നത്. ഈ മേഖലയിലെ വിദഗ്ധരുമായി നടത്തുന്ന സംവാദം സോഷ്യല്‍ മീഡിയയില്‍ സംപ്രേഷണം ചെയ്യും.
നേരത്തെ വന്‍തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ വായ്പ എഴുതിത്തള്ളിയെന്ന ആര്‍.ബി.ഐ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ധനമന്ത്രി നിര്‍മലാ സീതാരാമനും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. രഘുറാം രാജന്‍ നിലവില്‍ ചിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ സാമ്പത്തികവിഭാഗം പ്രൊഫസറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."