ബസ് അപകടം; ഞെട്ടല്‍ മാറാതെ മീനങ്ങാടി
മീനങ്ങാടി: പെരുന്നാള്‍ ദിനത്തിലുണ്ടായ ബസപകടത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകാതെ മീനങ്ങാടിയും പരിസര പ്രദേശങ്ങളും. പെരുന്നാള്‍ ദിനത്തില്‍ ശക്തമായ മഴയായിരുന്നതിനാല്‍ പ്രദേശത്തുകാരൊന്നും ദൂരെയെങ്ങും പോയിരുന്നില്ല. വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകട വാര്‍ത്ത പരന്നത്.
കൃഷ്ണഗിരിക്കും മീനങ്ങാടി അമ്പലപ്പടിക്കുമിടയിലുള്ള അപകട സ്ഥലത്തേക്ക് നാട്ടുകാര്‍ ഒറ്റയായും കൂട്ടമായും പാഞ്ഞെത്തി. ആദ്യം ബസ് നിയന്ത്രണംവിട്ട് മറിഞ്ഞെന്ന വാര്‍ത്തയാണ് പരന്നത്. എന്നാല്‍ കാല്‍നട യാത്രക്കാരുടെ ദേഹത്തേക്കാണ് ബസ് മറിഞ്ഞതെന്ന് അറിയാന്‍ പിന്നെയും സമയമെടുത്തു.
ഓടിക്കൂടിയ നാട്ടുകാരും സംഭവറിഞ്ഞ് സ്ഥലത്ത് പാഞ്ഞെത്തിയ മീനങ്ങാടി പൊലിസുമാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ബസിനടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതറിഞ്ഞ് മീനങ്ങാടിയില്‍ നിന്നും അപകട സ്ഥലത്തേക്ക് ജെ.സി.ബി എത്തിച്ച് ബസ് ഉയര്‍ത്തിയാണ് ആളുകളെ പുറത്തെടുത്തത്.
ഇവരെ ബത്തേരിയിലെയും കല്‍പ്പറ്റയിലെയും വിവിധ ആശുപത്രികളിലേക്ക് നാട്ടുകാര്‍ തന്നെയാണ് കൊണ്ടുപോയത്. എന്നാല്‍ ബസിനടിയില്‍പ്പെട്ടുപോയ കാല്‍നടയാത്രക്കാരായ രണ്ടു തൊഴിലാളികളും മരണത്തിന് കീഴടങ്ങി. ഇത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് തീരാദു:ഖവുമായി മാറി.
കൃഷ്ണഗിരിയിലെ സ്വകാര്യവ്യക്തിയുടെ എസ്‌റ്റേറ്റില്‍ പണിക്കു വന്ന തൊഴിലാളികളാണ് മരിച്ച ജോണ്‍സണും വിനോദും ഗുരുതരമായി പരുക്കേറ്റ വിഷ്ണുവും. ബത്തേരി-പനമരം റൂട്ടില്‍ സര്‍വിസ് നടത്തുന്ന സെന്റ് മേരീസ് ബസാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗതയിലായിരുന്നു ബസെന്ന് അപകടത്തില്‍ പരുക്കേറ്റ് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന ബസ് യാത്രക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."