HOME
DETAILS
MAL
ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തിനെതിരേ പ്രഥമവനിത
backup
June 18 2018 | 19:06 PM
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങളുടെ ഭാഗമായുള്ള പുതിയ നീക്കങ്ങള്‍ക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. മെക്സിക്കന്‍ അതിര്‍ത്തിവഴി അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുടുംബങ്ങളെ വിഭജിക്കുന്ന വിവാദ നയത്തിനെതിരേ പ്രഥമ വനിത മെലാനിയ ട്രംപും മുന്‍ പ്രഥമവനിത ലോറ ബുഷും രംഗത്തെത്തി.
'വാഷിങ്ടണ്‍ പോസ്റ്റി'ല്‍ എഴുതിയ ലേഖനത്തിലാണ് ട്രംപിന്റെ പുതിയ 'സെപറേഷന് പോളിസി'ക്കെതിരേ മെലാനിയ ആഞ്ഞടിച്ചത്. കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും വേര്‍പെടുത്തുന്നത് ക്രൂരവും അധാര്‍മികവും ഹൃദയഭേദകവുമാണെന്ന് മെലാനിയ പ്രതികരിച്ചു. ഇതാദ്യമായാണ് ട്രംപിന്റെ ഭരണനയത്തിനെതിരേ പ്രഥമവനിത രംഗത്തെത്തുന്നത്. കുട്ടികളെയും രക്ഷിതാക്കളെയും വേര്‍പെടുത്തുന്ന നയത്തെ വെറുക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍ റിപബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭാര്യയും മുന്‍ പ്രഥമ വനിതയുമായ ലോറ ബുഷും രൂക്ഷമായ ഭാഷയിലാണ് ട്രംപിന്റെ പുതിയ നയത്തെ വിമര്‍ശിച്ചത്. കുട്ടികളെ ഒറ്റപ്പെടുത്താനുള്ള നടപടികളാകരുത് നമ്മുടെ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ലോറ ആവശ്യപ്പെട്ടു.യു.എന്‍ മനുഷ്യാവകാശസമിതി ഹൈക്കമ്മിഷണര്‍ സെയ്ദ് റാഇദ് ഹുസൈനും യു.എസ് നയത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. കുടുംബങ്ങളെ നിര്‍ബന്ധിത വിഭജനത്തിലേക്കു നയിക്കുന്ന കടുത്ത നടപടികള്‍ അമേരിക്ക അവസാനിപ്പിക്കണമെന്ന് റാഇദ് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങള്‍ക്ക് കുട്ടികളെ കുടുംബങ്ങളില്‍നിന്ന് വേര്‍പെടുത്താന്‍ ഒരു തീരുമാനവുമില്ലെന്നും രക്ഷിതാക്കള്‍ നിയമംലഘിച്ചാല് മാത്രമേ അത്തരമൊരു നടപടിക്കു മുതിരുകയുള്ളൂവെന്നും യു.എസ് ആഭ്യന്തരസുരക്ഷാ സെക്രട്ടറി കിര്‍സ്ജെന്‍ നീല്‍സെണ്‍ പറഞ്ഞു.ന്യൂജഴ്സിയിലും ടെക്സാസിലുമുള്ള കുടിയേറ്റക്കാരെ തടവിലിട്ട കേന്ദ്രങ്ങളിലേക്ക് ഡെമോക്രാറ്റിക് പ്രതിനിധികളുടെ നേതൃത്വത്തില്‍ വന്‍ പ്രകടനങ്ങള്‍ നടന്നു. മെക്സിക്കോ വഴിയുള്ള കുടിയേറ്റവിരുദ്ധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ മാത്രം രണ്ടായിരത്തോളം കുടുംബങ്ങളാണ് വേര്‍പെടുത്തപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."