HOME
DETAILS
MAL
'വാര്‍' പണിതുടങ്ങി; താരങ്ങളെല്ലാം മര്യാദക്കാര്‍
backup
June 18 2018 | 19:06 PM
വിഡിയോ അസിസ്റ്റിങ് റഫറി സിസ്റ്റം നിലവില്‍ വന്നതോടെ കളത്തില്‍ താരങ്ങളെല്ലാം മര്യാദക്കാരായി. ഗോള്‍ വഴങ്ങാതിരിക്കാന്‍ കാല്‍പന്തു കളിയുടെ മാന്യത കളഞ്ഞു എതിരാളിയെ കടുത്ത ടാക്ലിങിന് വിധേയരാക്കുന്ന വില്ലന്‍മാര്‍ക്ക് റഷ്യയില്‍ അടക്കവും ഒതുക്കവുമുണ്ട്. റഫറിയുടെ കണ്ണുവെട്ടിച്ച് മാരകമായി എതിരാളിയെ ശാരീരികമായി നേരിടുന്ന വില്ലന്മാര്‍ മാന്യന്‍മാരായിരിക്കുന്നു. ഇതിനു കാരണം വിഡിയോ അസിസ്റ്റിങ് റഫറി സിസ്റ്റത്തിന്റെ വരവാണ്. അസിസ്റ്റന്റ് റഫറി സിസ്റ്റം ഗുണകരമായി മാറിക്കഴിഞ്ഞു.
റഷ്യന്‍ ലോകകപ്പില്‍ റഫറിക്ക് ഇതുവരെ ചുവപ്പു കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നിട്ടില്ല. ആവേശം വിതറി ആദ്യ റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ കടുത്ത ടാക്ലിങിന് താരങ്ങളൊന്നും വിധേയരായിട്ടില്ല. ആദ്യ നാല് ദിവസങ്ങളില്‍ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു താരം പോലും ചുവപ്പ് കാര്‍ഡ് വാങ്ങിയില്ലെന്ന പ്രത്യേകതയുമുണ്ട്. ചുവപ്പു കാര്‍ഡ് ഉയര്‍ത്തി താരത്തിന് പുറത്തേക്ക് വിരല്‍ ചൂണ്ടേണ്ടി വരുന്ന ധര്‍മസങ്കടത്തില്‍നിന്ന് ഇതുവരെ റഫറിമാര്‍ മുക്തരാണ്. വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം ഫലം ചെയ്തു തുടങ്ങിയെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
1990 ലോകകപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളില്‍ മൂന്ന് താരങ്ങളാണ് ചുവപ്പ് കാര്‍ഡ് ഏറ്റുവാങ്ങിയത്. 1994 ല്‍ ആദ്യ 12 മത്സരങ്ങളില്‍ മൂന്നു താരങ്ങള്‍ക്കാണ് ചുവപ്പു കാര്‍ഡ് നല്‍കിയത്. 1998 ലെ ലോകകപ്പില്‍ ആദ്യ 10 മത്സരങ്ങളിലെ ചുവപ്പു കാര്‍ഡ് മൂന്നെണ്ണമായിരുന്നു. 2002 ല്‍ ആദ്യ 10 മത്സരങ്ങളിലും റഫറിക്ക് മൂന്നു ചുവപ്പ് കാര്‍ഡ് മാത്രമാണ് പുറത്തെടുക്കേണ്ടി വന്നത്. 2006 ലോകകപ്പില്‍ ആവട്ടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഒരു ചുവപ്പു കാര്‍ഡ് മാത്രം. 2010 ലെ ലോകകപ്പില്‍ ആദ്യ എട്ടു പോരാട്ടങ്ങളില്‍ മൂന്നു ചുവപ്പു കാര്‍ഡ് റഫറി പുറത്തെടുത്തു. 2014 ബ്രസീല്‍ ലോകകപ്പില്‍ ആദ്യ 10 മത്സരങ്ങളില്‍ രണ്ടായിരുന്നു ചുവപ്പു കാര്‍ഡുകളുടെ എണ്ണം.
പെനാല്‍ട്ടി അനുവദിക്കുന്നതില്‍ ഉള്‍പ്പടെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം സഹായകമായി. സ്വീഡന്‍ - ദക്ഷിണ കൊറിയ മത്സരത്തില്‍ റഫറി പെനാല്‍ട്ടി അനുവദിച്ചത് വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റത്തിന്റെ സഹായത്തോടെയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."