ഗ്രന്ഥാലയ-വിദ്യാലയ കൂട്ടായ്മയില്‍ ഓടപ്പള്ളത്ത് ആദ്യ 'വായനാമുറ്റം' ഒരുങ്ങി
സുല്‍ത്താന്‍ ബത്തേരി: ഓടപ്പള്ളം ഗവ.ഹൈസ്‌കൂളിന്റെയും ഓടപ്പള്ളം അര്‍ച്ചന ലൈബ്രറിയുടെയും ആഭിമുഖ്യത്തില്‍ ഓടപ്പള്ളത്ത് ആദ്യത്തെ വായനാമുറ്റം ഒരുക്കി. ഓടപ്പള്ളം ഗവ.ഹൈസ്‌കൂള്‍ ഈ വര്‍ഷം നടപ്പിലാക്കുന്ന 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' പദ്ധതിയുടെ ഭാഗമായി നടത്തിയ വായനാമുറ്റം പരിപാടി ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ സി.കെ ഹദേവന്‍ ഉദ്ഘാടനം ചെയ്തു.
പ്രദേശത്തെ ലൈബ്രറികളുടെ സഹകരണത്തോടെ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പുസ്തകവിതരണം നടത്തുകയും കുട്ടികള്‍ക്ക് മികച്ച ഗാര്‍ഹിക പഠനാന്തരീക്ഷമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന വായനാമുറ്റം പരിപാടിയില്‍ കുട്ടികളും അമ്മമാരും പുസ്തകാവതരണങ്ങള്‍ നടത്തി. തുടര്‍ന്ന് നടന്ന കോര്‍ണര്‍ പി.ടി.എയില്‍ വച്ച് വിദ്യാലയം രൂപീകരിക്കുന്ന എജുക്കേഷന്‍ വളണ്ടിയര്‍ ഗ്രൂപ്പിലേക്ക് അംഗങ്ങളെ തെരഞ്ഞെടുത്തു.
കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ രൂപീകരിക്കുന്ന അയല്‍പ്പക്കപഠനക്കൂട്ടങ്ങളിലേക്കുള്ള വളണ്ടിയര്‍മാരെയും പരിപാടിയില്‍ നിന്നും കണ്ടെത്തി. ഡിവിഷന്‍ കൗണ്‍സിലര്‍ എം.സി ശരത് അധ്യക്ഷനായി. പരിപാടിയില്‍ വിദ്യാലയത്തില്‍ നിന്നും എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അര്‍ച്ചന ലൈബ്രറി നല്‍കുന്ന ഉപഹാരങ്ങളുടെ വിതരണം ബേബി വര്‍ഗീസ് നിര്‍വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോബിന്‍, പ്രധാനാധ്യപിക ടി.എന്‍ ദീപ, സൈനുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് പി.എന്‍ സുരേന്ദ്രനാഥ്, രഞ്ജിത്ത്, എം.വൈ സുനി എന്നിവര്‍ സംസാരിച്ചു. വിദ്യാലയത്തിനോടു ചേര്‍ന്നുള്ള വള്ളുവാടി, കരിവള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ലൈബ്രറികളുമായി ചേര്‍ന്ന് കുട്ടികളുടെ വീട്ടുമുറ്റങ്ങളിലും ഗ്രന്ഥാലയങ്ങളിലുമായി തുടര്‍ന്നും വായനാമുറ്റങ്ങള്‍ നടത്തും. സെപ്തംബറില്‍ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വനിതാ വായനാ മത്സരത്തില്‍ വിദ്യാലയത്തിലെ കുട്ടികളുടെ അമ്മമാരെ പങ്കെടുപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."