റമദാൻ എട്ടിന് വിശുദ്ധ ഹറം തുറക്കുമെന്ന് വ്യാജ പ്രചാരണം
മക്ക: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയ മക്കയിൽ റമദാൻ എട്ടു മുതൽ തുറന്നു നൽകുമെന്ന് വ്യാജ പ്രചാരണം. സഊദി ഹജ്ജ് ഉംറ മന്ത്രാലയ റിപ്പോർട്ടെന്ന വ്യാജേനയാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്. എന്നാൽ, ഇത്തരമൊരു പ്രചാരണം വ്യാജമാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. സഊദിയിലെ പ്രമുഖ ഓൺലൈൻ പോർട്ടലായ സബ്ഖ് ഓൺലൈൻ റിപ്പോർട്ടർ അബ്ദുല്ല ബർഖാവിയുടെ പേരിലും ഇത്തരമൊരു വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ പേരിൽ വ്യാജ വാർത്തക്കെതിരെ ബർഖാവി തന്നെ രംഗത്തെത്തി. സബഖ് ഓൺലൈൻ പോർട്ടലും ഇത് വ്യാജമാണെന്നു വ്യക്തമാക്കി.
അതേസമയം, കോവിഡ്-19 വൈറസ് വ്യാപനം ഉടൻ നിയന്ത്രണ വിധേയമാകുമെന്നും അതോടൊപ്പം തന്നെ ഹറമുകൾ ഉടൻ തന്നെ തുറക്കാനാകുമെന്നും ഇരു ഹറം കാര്യാലയ വക്താവ് ഡോ: അബ്‌ദുറഹ്‌മാൻ അൽ സുദൈസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപനം വന്നിട്ടില്ല. നിലവിൽ ഇരു ഹറമുകളിലും തറാവീഹ് നിസ്‌കാരം ഉൾപ്പെടെ എല്ലാ നിസ്‌കാരങ്ങളും ജമാഅത്തായി നടക്കുന്നുണ്ടെങ്കിലും ഹറം കാര്യാലയ ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."